കോങ്ങാട്: പൈപ്പിടലിൽ കാലതാമസം തുടരുന്നതോടെ കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതി കമീഷനിങ് ഇനിയും നീണ്ടേക്കും. ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായിട്ടും പദ്ധതി ഇഴയുന്നതിൽ നാട്ടുകാരും അതൃപ്തരാണ്. പാലക്കാട് -കോഴിക്കോട് ദേശീയപാതക്കരികെ 22 കിലോമീറ്റർ പ്രദേശത്തേക്ക് വലിയ പൈപ്പുകൾ വിന്യസിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കാത്തതാണ് പദ്ധതിക്ക് വിലങ്ങുതടിയായത്. ഉൾനാടൻ പ്രദേശങ്ങളിലും മറ്റിടങ്ങളിലും ജലവിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഒന്നരവർഷം കല്ലടിക്കോട് പാതിവരെയുള്ള സ്ഥലങ്ങളിൽ ട്രയൽ റണ്ണും വിജയകരമായി പൂർത്തിയാക്കി. കാഞ്ഞിരപ്പുഴ ഡാമിലെ ജലം മുഖ്യ സ്ത്രോതസ്സായി ഡാമിന് സമീപത്ത് പമ്പിങ് സ്റ്റേഷൻ, ജല ശുദ്ധീകരണ പ്ലാൻറ് എന്നിവയുടെ നിർമാണം രണ്ടുവർഷം മുമ്പ് പൂർത്തിയായി.
കോങ്ങാട് കോട്ടപ്പടിയിലും കരിമ്പക്കുസമീപം പാറക്കാലും മേഖല ജലസംഭരണികളുടെ നിർമാണമാണ് ഇനി പൂർത്തികരിക്കാനുള്ളത്. എട്ടുമാസം മുമ്പ് കോങ്ങാടെ വനാതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വനംവകുപ്പും സർവേ ടീമും സംയുക്തമായി സർവേ നടത്തി ജലസംഭരണി നിർമിക്കാൻ അനുമതി നൽകിയിരുന്നു. പാറക്കാലിലെ വാട്ടർ ടാങ്കിന്റെ ഘടനമാറ്റം സാങ്കേതിക വിഭാഗം ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ പുതിയ പ്ലാൻ സമർപ്പിച്ച് അനുമതി കിട്ടാനുള്ള കാലതാമസമാണ് ജലസംഭരണി നിർമാണം വൈകിപ്പിച്ചത്. കോങ്ങാട് നിയമസഭ മണ്ഡലത്തിലെ തച്ചമ്പാറ, കരിമ്പ, കാരാകുർശ്ശി, മുണ്ടൂർ, കോങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിവാസികളും സ്ഥാപനങ്ങളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ദേശീയപാത വക്കിൽ കുഴിയെടുത്ത് വലിയ പൈപ്പ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയുടെ അനുമതിപത്രത്തിനായി ആദ്യം അയച്ച ഡിസൈനിന് ഔദ്യോഗിക അംഗീകാരം കിട്ടിയില്ല.
തുടർന്ന് കലക്ടർ എസ്. ചിത്ര, കെ. ശാന്തകുമാരി എം.എൽ.എ എന്നിവർ ഇടപെട്ട് ജല അതോറിറ്റി, ദേശീയപാത അതോറിറ്റി, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. ആറുമാസം മുമ്പ് നടന്ന യോഗതീരുമാനപ്രകാരം പൈപ്പിടാൻ ചാൽ കീറാൻ ഡിസൈൻ സമർപ്പിച്ചാൽ അനുമതി നൽകാമെന്ന് അറിയിച്ചിരുന്നു. പുതിയ ഡിസൈൻ സമർപ്പിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും അനുമതിപത്രം ലഭിച്ചിട്ടില്ലെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു. അനുമതി ലഭിച്ചാൽ രണ്ട് മാസത്തിനകം പൈപ്പിട്ട് പദ്ധതി പ്രവർത്തന ക്ഷമമാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.