കൂറ്റനാട്: കേരളത്തിൽ അടക്കാ വിപണന രംഗത്ത് പ്രൗഢി തിരിച്ചുപിടിക്കാനൊരുങ്ങി ചാലിശ്ശേരി. പഴയ അടക്ക മാർക്കറ്റിന്റെ എഴുപതാം വാർഷികവും പുതിയ കെട്ടിടവും വ്യാഴാഴ്ച രാവിലെ വ്യവസായി ഷിനോയ് തോലത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അധ്യക്ഷയാവും.
നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ വലിയ അടക്ക വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു ചാലിശേരി. 1950 കളിൽ ഇവിടെ തുടങ്ങിയ പച്ചയടക്ക വിൽപന ചന്ത പിന്നീട് ദക്ഷിണേന്ത്യയിൽ പേരെടുത്തു. കാലക്രമേണ അടക്ക കൃഷിയിൽനിന്ന് കർഷകർ മറ്റു കൃഷിയിലേക്ക് മാറിയതോടെ അടുത്ത കാലത്ത് അടക്ക വരവ് കുറവാണ്. നിലവിൽ ചാലിശേരി പഴഞ്ഞി, ചങ്ങരംകുളം, കേച്ചേരി , അമലനഗർ എന്നിടങ്ങളിലാണ് അടക്ക കേന്ദ്രങ്ങൾ ഉള്ളത്.ഇന്ത്യോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണ് ഉൽപന്നത്തിന് വിലകുറഞ്ഞ് കൃഷിയെ ബാധിച്ചത്.
വ്യാഴാഴ്ച മുതൽ കേരളത്തിലെ ഏറ്റവും വലിയ അടക്ക വിപണന കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് പഴയ അടക്ക മാർക്കറ്റിലെ കച്ചവടക്കാരുടെ കൂട്ടായ്മ. പഴയ അടക്ക മാർക്കറ്റിന്റെ എഴുപതാം വാർഷികത്തിനോടനുബന്ധിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടി ഹൈസ്കൂൾ റോഡിൽ സി.എസ്.ഐ പള്ളിക്ക് സമീപം പഴയ അടക്ക മാർക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയ മാർക്കറ്റിലേക്ക് മാറുന്നതെന്ന് മുഖ്യരക്ഷാധികാരി ഷിജോയ് തോലത്ത് പറഞ്ഞു. 400ത്തോളം ചതുരശ്രട്രി വിസ്തീർണമുള്ള വിപണന കേന്ദ്രത്തിൽ മറ്റു ജില്ലകളിൽനിന്ന് വരുന്നവർക്ക് വാഹനം പാർക്കിങ്, താമസസൗകര്യം, ഭക്ഷണശാല, വിശ്രമകേന്ദ്രം, വായനമുറി എന്നി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്രാമത്തിനും അടക്ക കർഷകർക്കും പുതിയ അടക്ക വിപണന കേന്ദ്രം വരുന്നതോടെ പഴയ പ്രൗഢി തിരിച്ച് വരുമെന്ന ആഹ്ലാദത്തിലാണ് ചാലിശേരി ഗ്രാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.