കൂറ്റനാട്: താൽക്കാലിക ബണ്ട് തകര്‍ത്തതോടെ ജലലഭ്യതക്ക് നിവൃത്തിയില്ലാതെ കർഷകർ ദുരിതത്തിൽ. നാഗലശ്ശേരി, പട്ടിത്തറ, തൃത്താല പഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ പുളിയപ്പറ്റ കായലിനടുത്തുള്ള കുരുത്തിച്ചാൽ ചിറയിലാണ് സംഭവം. ഇവിടെ കർഷകരുടെ കൂട്ടായ്മയിൽ തീർത്ത താൽക്കാലിക ബണ്ട് രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുകയായിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് സഹായമില്ലാതെ വഴുതക്കാട് ഭാഗത്തെ കർഷകർ ദിവസങ്ങളോളം പണിയെടുത്ത് മണൽച്ചാക്ക്, വാഴപ്പിണ്ടി, മരത്തടികൾ, എന്നിവ ഉപയോഗിച്ചുണ്ടാക്കിയതാണിത്.
500 ഏക്കറിലധികമുള്ള നെൽകൃഷിയിലേക്ക് വെള്ളം ലഭ്യമാക്കുന്നത് കുരുത്തിച്ചാൽ ചിറയിൽ നിന്നാണ്. 50 വർഷത്തിലധികം പഴക്കമുള്ള ചിറയിലുണ്ടായിരുന്ന മരച്ചീർപ്പുകൾ കാലപ്പഴക്കത്താൽ നശിച്ച് പോയിരുന്നു. പിന്നീട് ചീർപ്പ് പുനഃസ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ജലസേചനത്തിനായി കർഷകർക്ക് താൽക്കാലിക ബണ്ട് കെട്ടിയത്. ഇക്കൊല്ലവും പതിവുപോലെ പണവും അധ്വാനവും ചിലവഴിച്ചാണ് താൽക്കാലിക ബണ്ട് നിർമിച്ചത്. ബണ്ടിൽനിന്നുള്ള ജലസേചനത്തിന്റെ പ്രതീക്ഷയിൽ സ്ഥലത്ത് നട്ട 500 ഏക്കറിലധികം ഞാറുകൾ കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്. പാടശേഖരത്തിലേക്ക് ആവശ്യത്തിന് വെള്ളം എത്താതായതോടെ നിലം വീണ്ടുകീറാനും തുടങ്ങിയിട്ടുണ്ട്. ഇങ്ങനെപോയാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് കർഷകരായ എം.പി. നിഷാദ്, ടി.എ. സലാം, ടി.വി. സന്തോഷ്, ഷൗക്കത്ത് എന്നിവർ പറയുന്നു.
അധികൃതരോട് പ്രശ്നം ഉന്നയിച്ചെങ്കിലും സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയാറായില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. പുളിയപ്പറ്റ കായലിനോടടുത്ത് കിടക്കുന്ന കുരുത്തിച്ചാൽ ചിറ ജലസമൃദ്ധിയുള്ള പ്രദേശമാണ്. താൽക്കാലിക ബണ്ടുകൾ നിർമിക്കുന്നത് കൊണ്ട് രണ്ടാംവിള വലിയ അപകടം കൂടാതെ കൃഷി ചെയ്യാൻ പറ്റുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ബണ്ട് തകർത്ത് ജലലഭ്യത ഇല്ലാതാവുന്നതോടെ കർഷകർ കൂടുതൽ കഷ്ടത്തിലാവുകയാണ്. സാമൂഹിക വിരുദ്ധരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അവഗണനയാണ് ഉണ്ടാവുന്നതെങ്കിൽ, കൃഷി പൂർണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.