കൂറ്റനാട്: വീണ്ടുമൊരു തെരഞ്ഞെടുപ്പു കൂടി കടന്നുവരുമ്പോള്‍ 85 പിന്നിട്ട കമലാക്ഷി അമ്മയുടെ മനസ്സിൽ പഴയ വോട്ടുകാലം സജീവമായുണ്ട്. പട്ടിത്തറ പഞ്ചായത്തിലെ പ്രമുഖ കോണ്‍ഗ്രസ് തറവാടായ കോട്ടയില്‍ തറവാട്ടിലേക്ക് രാമൻ കുട്ടിമേനോന്റെ പത്നിയായി കൈപിടിച്ചെത്തിയ 21ാം വയസ്സ് മുതല്‍ ജീവിതം ഭര്‍ത്താവിനൊപ്പം സാമൂഹികപ്രവര്‍ത്തനത്തിൽ സജീവമായിരുന്നു. അക്കാലത്ത് വോട്ടിങ് പ്രായം 21 ആണ്. നുകം വച്ച കാളയും പിന്നീട് പശുവും കിടാവും എന്നിങ്ങനെ ചിഹ്നങ്ങളിലായിരുന്നു അന്ന് വോട്ട് രേഖപെടുത്തിയിരുന്നത്. നാടിന്റെ വികസനത്തിന് രാമൻകുട്ടി മേനോന്റെ കൈയൊപ്പ് എത്രയെന്നത് വിസ്മരിക്കാനാവില്ലെന്നത് അമ്മ നിറകണ്ണുകളോടെ സ്മരിച്ചു. അക്കാലത്ത് ഭര്‍ത്താവിന്റെ പിന്തുണയില്‍ മഹിള സമാജത്തിന്റെ ഉത്തരവാദിത്വം ഈ അമ്മയിലായിരുന്നു.
അക്കാലത്തെ ദാരിദ്ര്യ നിർമാർജന കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ കെയര്‍ (പാല്‍പൊടി) പദ്ധതിയിലൂടെ നിരവധികുടുംബങ്ങളുടെ പശി അടച്ച ഓർമകളും കമലാക്ഷി അമ്മക്കുണ്ട്. അമേരിക്കന്‍ ഗോതമ്പും സൊയാബിന്‍ എണ്ണയും ഒക്കെയായി വീട്ടിൽ ഉപ്പുമാവ് തയ്യാറാക്കുന്നതും കമലാക്ഷി അമ്മയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വീട്ടില്‍ ഉപ്പ് മാവ് തയ്യാറാക്കി കഴിഞ്ഞാല്‍ അര്‍ഹതപെട്ട 100ലേറെ കുടുംബങ്ങള്‍ കാര്‍ഡുമായി വന്ന് ഭക്ഷ്യസാധനം കൈപറ്റും. അവരുടെ ആവലാതികള്‍ കേട്ടാല്‍ കൈയിലുള്ളത് കൊടുക്കാനും മടിക്കാറില്ല. രാമന്കുട്ടിമേനോന് ദാനം ചെയ്ത സ്ഥലത്താണ് ഇന്നും അംഗൻവാടിയും സാസ്കാരിക നിലയവും പ്രവര്‍ത്തിക്കുന്നത്. പ്രമുഖരായ നേതാക്കളായ കെ.ആര്. നാരിയണന്, കെ. കരുണാകരന്, എ.കെ. ആന്റണി, കെ.കെ. ബാലകൃഷ്ണന് തുടങ്ങിയവരെല്ലാം നിത്യസന്ദര്‍ശകരായിരുന്നു അവിടെ.
പ്രചാരണകാലത്ത് കൊയ്ത്തും മെതിയുമുള്ളതിനാല് നെല്ലുകുത്തരികൊണ്ട് അവര്‍ക്ക് പ്രത്യേകം കഞ്ഞിയും ചമ്മന്തിയും തയ്യാറാക്കി കൊടുക്കും.
അതെല്ലാം ഇന്നും ഓര്‍മ്മയിലുണ്ടെന്ന് കമലാക്ഷിയമ്മ പറയുന്നു. സാമൂഹിക രാഷ്ട്രീയ ചർച്ചക്കപ്പുറം കലാസാസ്കാരിക പ്രവർത്തനങ്ങൾക്കും ഈ വസതി വേദിയായിട്ടുണ്ട്. പൊന്തൻമാട, സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ തുടങ്ങിയ സിനിമകൾ ചിത്രീകരിച്ചത് ഈ തറവാടിന്റെ പശ്ചാതലത്തിലാണ്. മകൻ രാമകൃഷ്ണനും മറ്റു കുടുംബാംഗങ്ങളും അമ്മക്ക് തണലായുണ്ട്. കഴിഞ്ഞ ദിവസം യു.ഡി.എഫ് പൊന്നാനി മണ്ഡലം സ്ഥാനാർഥി അബ്ദുസ്സമദ് സമദാനി കമലാക്ഷിയെ കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.