കൂറ്റനാട്: പടിഞ്ഞാറങ്ങാടി-കൂറ്റനാട് പാതയിലെ കരിമ്പയിലൂടെ പോകുന്നവർ ഒന്ന് നിൽക്കും, ആ കമനീയ കാഴ്ചകൾ ആസ്വദിക്കാൻ. 12 വര്‍ഷം മുമ്പ് അഡ്വ. രാജേഷ് വെങ്ങാലിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരക്ഷണപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിളിച്ചോതുന്നതാണ് ഇവിടത്തെ കാഴ്ചകൾ. അതിന് മുമ്പ് കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം അറവുമാലിന്യമടക്കം തള്ളാൻ തുടങ്ങിയതോടെ മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാനാവില്ലായിരുന്നു. പരിസ്ഥിതിദിനത്തിൽ വെറുതെ തൈകൾ വെച്ചുപിടിപ്പിക്കുക മാത്രമല്ല, സംരക്ഷിക്കുകയും വേണമെന്ന് ഓർമിപ്പിക്കുകയാണ് ഈ നാട്ടുകാർ. ഇവിടെ വളരുന്ന 29 ഇനങ്ങളിൽപെട്ട 150 വൃക്ഷങ്ങളിൽ സ്വദേശികളും വിദേശികളുമുണ്ട്. വനവത്കരണത്തിനായുള്ള പ്രാദേശിക ഇടപെടലുകൾക്ക് ഇവിടം മാതൃകയാണെന്ന് പ്രദേശം സന്ദര്‍ശിച്ച ശ്രീകൃഷ്ണ കോളജിലെ സസ്യശാസ്ത്ര വിഭാഗം തലവൻ ഡോ. ഉദയൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ഭാവിയിൽ ജനിതക മാറ്റത്തിന് തന്നെ കാരണമാകാമെന്നും ഇത്തരം ഹരിത തുരുത്തുകൾ സൃഷ്ടിച്ച് കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈവര്‍ഷവും പരിസ്ഥിതി ദിനാചരണത്തിന്റ മുന്നോടിയായി ഹരിത ഭൂമികയുടെ നേതൃത്വത്തില്‍ കരിമ്പയിലെ പുറമ്പോക്കില്‍ മരങ്ങള്‍ക്ക് പുറമെ അലങ്കാര ചെടികളും വെച്ചുപിടിപ്പിച്ചു. വട്ടേനാട് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ശിവാനി ആദ്യ ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തൃത്താല ഗവ. കോളജിലെയും വട്ടേനാട് ഹയര്‍ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളും അധ്യാപക ഐശ്വര്യയും മിലാന കോട്ടപ്പാടം, അക്ഷയ തൊഴൂക്കര, ഹരിത ഭൂമികയുടെ മനാഫ് രതീഷ് തുടങ്ങിയവരും പങ്കെടുത്തു. കുട്ടികള്‍ക്ക് ലോക പരിസ്ഥിതി ദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ച് അഡ്വ. രാജേഷ് വെങ്ങാലില്‍ ക്ലാസെടുത്തു. കാസിം, പ്രദീപ്, വൈല്‍ഡ് ലൈഫ് സേവറായ ബൈജു കോട്ടപ്പാടം എന്നിവരും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന നിയമ സഹായ സമിതിയുടെ കൈപുസ്തകവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.