മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അംഗീകരിക്കാനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം അലസിപ്പിരിഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള യോഗമാണ് ചര്‍ച്ച നടക്കും മുമ്പേ തർക്കത്തിൽ കലാശിച്ചത്. കരട് പദ്ധതിരേഖ വികസനകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് തർക്കമുണ്ടാവുകയും യോഗം പിരിച്ചുവിടുകയുമായിരുന്നു. ചെയര്‍മാന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം കൗണ്‍സിലര്‍മാർ ആരോപിച്ചു.
അജണ്ട വായിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ എതിര്‍പ്പുമായി ഭരണസമിതിയിലെ വികസനകാര്യസ്ഥിരം സമിതി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ കെ. ബാലകൃഷ്ണന് രംഗത്തുവന്നു. കരട് പദ്ധതി രേഖ വികസനസമിതിയോ അധ്യക്ഷനെന്ന നിലയില്‍ താനോ കണ്ടിട്ടില്ല. വികസനസമിതി ചര്‍ച്ച ചെയ്യാതെ എങ്ങനെ കരട് പദ്ധതിരേഖ കൗണ്‍സിലില്‍ നേരിട്ട് അവതരിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കരട് പദ്ധതിരേഖ വികസനകാര്യ സ്ഥിരംസമിതിയില്‍ ചര്‍ച്ച ചെയ്യാത്തതിനാല്‍ യോഗം പിരിച്ചുവിട്ടതായും അടുത്ത കൗണ്‍സില്‍യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ചെയര്മാന് അറിയിച്ചു. ചര്‍ച്ചകള്‍ നീണ്ടുപോയാല്‍ ജില്ല ആസൂത്രണകമീഷന്റെ അംഗീകാരം ലഭിക്കുന്നത് വൈകുമെന്നതിനാലാണ് നേരിട്ട് കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു. യാതൊരു വിശദീകരണവും നല്‍കാതെ കൗണ്‍സില്‍യോഗം പിരിച്ചുവിട്ട ചെയര്‍മാന്റെ നടപടി ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുകയാണെന്ന് ഇടത് കൗണ്‍സിലര്‍ ടി.ആര്. സെബാസ്റ്റ്യന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.