മണ്ണാര്‍ക്കാട്: കാറില്‍ കടത്തുകയായിരുന്ന 106 കുപ്പി മദ്യവുമായി മൂന്ന് പേരെ മണ്ണാര്‍ക്കാട് എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് വടകര അഴിയൂര്‍ ചോമ്പാല മടപ്പറമ്പത്ത് വീട്ടില്‍ രാമദാസ് (61), പെരിന്തല്‍മണ്ണ സ്വദേശി എടപ്പറ്റ തയ്യില്‍ വീട്ടില്‍ ബാദുഷ (29), തിരൂര്‍ പുറത്തൂര്‍ സ്വദേശി കരുവാന്‍പറമ്പില്‍ സനീഷ് (30) എന്നിവരാണ് പിടിയിലായത്.
ഇതില്‍ രാമദാസ് കഞ്ചാവ് കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുൽ അഷ്റഫിന്റെ നേതൃത്വത്തില്‍ റേഞ്ച് സംഘവും സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. അട്ടപ്പാടിയിലേക്ക് മാഹി മദ്യം കടത്തുന്നതായാണ് എക്സൈസ് ഇന്റലിജന്‍സിന് ലഭ്യമായ വിവരം. ഇതുപ്രകാരം ആര്യമ്പാവ് കെ.ടി.ഡി.സിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് 53 ലിറ്റര്‍ മദ്യം പിടികൂടിയത്.
എക്സൈസ് വാഹനം കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. വാഹനത്തിന്റെ പിന്‍സീറ്റിലും ഡിക്കിയിലുമായി ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മണ്ണാര്‍ക്കാട് സ്വദേശിയായ ഏജന്റ് മുഖേനയാണ് അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്നതെന്ന് സൂചന ലഭിച്ചതായും എക്സൈസ് സംഘം അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം. മനോജ്, പ്രിവന്റിവ് ഓഫിസര്‍മാരായ ഇ. ഹംസ, കൃഷ്ണദാസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.കെ. അശ്വന്ത്, പി. അലി അഷ്കര്‍, സി.എം. പിന്റു, എന്‍.എസ്. വിവേക്, സിവില്‍ എക്സൈസ് ഡ്രൈവര്‍ വി. ജയപ്രകാശ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.