മണ്ണാര്‍ക്കാട്: ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു വരുത്താനായി മണ്ണാര്‍ക്കാട് വനം ഡിവിഷന് വനവികസന ഏജന്‍സി നടപ്പാക്കുന്ന വനാമൃതം പദ്ധതിയുടെ മൂന്നാംഘട്ടം സജീവം. ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായി ഗോത്രജനത. തെങ്കര പഞ്ചായത്തിലെ ആനമൂളി കോളനി, കരിമ്പന്‍കുന്ന് കോളനി, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് കോളനിവാസികളും അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളും വനവിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ്.
കുറുന്തോട്ടി, ഓരില, മൂവില, തിപ്പല്ലി, ചുണ്ട എന്നിവയാണ് വനത്തില്‍നിന്നും ശേഖരിക്കുന്നത്. രണ്ടാഴ്ചക്കാലത്തോളമായി ഇവ ശേഖരിച്ച് തുടങ്ങിയിട്ട്. മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയില്‍നിന്നായി ഇതിനകം ആറുടണ്ണിലധികം ചെറുകിട വനവിഭവങ്ങള്‍ ലഭ്യമായതായി വനവികസന ഏജന്‍സി കോഓഡിനേറ്റര്‍ വി.പി. അബ്ബാസ് അറിയിച്ചു. വിവിധ ആദിവാസി വനസംരക്ഷണസമിതി മുഖാന്തിരമാണ് വിഭവശേഖരണം. ഉള്‍വനത്തില്‍നിന്നും ഉള്‍പ്പടെയുള്ള ഔഷധസസ്യങ്ങളാണ് ആദിവാസികള്‍ ശേഖരിച്ച് വനസംരക്ഷണ സമിതിയിലെത്തിക്കുന്നത്.
മണ്ണാര്‍ക്കാട് ഭാഗത്ത് ആനമൂളി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആനമൂളി സ്റ്റേഷനിലെ പ്രത്യേക കേന്ദ്രത്തിലും അട്ടപ്പാടിയിലേത് മുക്കാലിയിലെ ചെറുകിട വനവിഭവ സംസ്കരണ കേന്ദ്രത്തിലുമെത്തിക്കും. ഇവിടങ്ങളില്‍നിന്നും സംസ്കരിച്ച് വാഹനത്തില്‍ കയറ്റി കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് കൊണ്ടുപോകും. ഔഷധ സസ്യങ്ങള്‍ ഉണക്കി കഷ്ണങ്ങളാക്കി പാക്ക് ചെയ്താണ് കോട്ടക്കല്‍ ആര്യ വൈദ്യശാലക്ക് കൈമാറുന്നത്. മൂന്ന് കിലോ പച്ച ഔഷധസസ്യങ്ങള്‍ സംസ്കരിക്കുമ്പോള്‍ ഒരു കിലോയാണ് ലഭിക്കുക. സംസ്കരിക്കുമ്പോഴാണ് ഔഷധ സസ്യങ്ങള്‍ മെച്ചപ്പെട്ട വില ലഭ്യമാവുകയും ചെയ്യുക.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി 33,547 കിലോ വനവിഭവങ്ങള്‍ ശേഖരിച്ചതിലൂടെ 27,16,427 രൂപ വരുമാനം ലഭിച്ചു. ഇതില്‍ ജി.എസ്.ടി ഇനത്തില്‍ 1,35,821 രൂപ അടച്ചു. 3, 86,236 രൂപ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ക്കായി നീക്കിെവച്ചു. 16,70,180 രൂപ വനസംരക്ഷണ സമിതികള്‍ക്ക് നല്കി. വനവിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വനാമൃതം പദ്ധതി സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മണ്ണാര്‍ക്കാട് ആണ് ആരംഭിച്ചത്.
ആദിവാസി വിഭാഗങ്ങളുടെ മുഖ്യവരുമാന മാര്‍ഗമാണ് വനത്തില്‍നിന്നും നിന്നുള്ള തേന്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയ ചെറുകിട വനവിഭവങ്ങളുടെ ശേഖരണം. ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് സീസണ്. വനാമൃതം പദ്ധതി നടപ്പാക്കിയതോടെ ഗോത്രവിഭാഗങ്ങളെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും സംരക്ഷിക്കാനും ഒപ്പം ആയുര്‍വേദ കമ്പനികള്‍ക്ക് ശുദ്ധമായ ഔഷധ സസ്യങ്ങള്‍ ലഭ്യമാക്കാനും കഴിയുന്നതായി വനവികസന ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.