മണ്ണാര്‍ക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമില്ല. രാവിലെ മുതല്‍ ഉച്ച വരെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. സ്വതവേ വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ മൂന്നും നാലും വരിയായി കടന്നുപോകുന്നത് കുരുക്കിന് ആക്കംകൂട്ടുന്നു. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാനും ഏറെ കാത്തുനില്ക്കണം. നഗരസഭ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തും കോടതിപ്പടി ജങ്ഷനിലുമാണ് സ്ഥിതി രൂക്ഷം. ബസ് സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോള്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിക്കുന്നു. കോടതിപ്പടി ഭാഗത്ത് ചങ്ങലീരി റോഡില്‍നിന്ന് വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചുകയറുമ്പോഴും സമാനമായ ഗതാഗത തടസ്സമുണ്ടാകുന്നു.
വാഹനങ്ങൾ നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസുണ്ടെങ്കിലും തിരക്ക് നിയന്ത്രണവിധേയമല്ല. ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ചങ്ങലീരി റോഡില്‍നിന്ന് നമ്പിയാംകുന്ന് ഭാഗത്തുകൂടെ മുമ്പ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ ഇതും നിലച്ചു. ഇവിടെനിന്ന് കുന്തിപ്പുഴ പാലത്തിന് സമീപം പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. നിലവില്‍, നിയന്ത്രണമില്ലാതായതോടെ എല്ലാ വാഹനങ്ങളും നേരിട്ട് കോടതിപ്പടി ജങ്ഷനിലേക്ക് പ്രവേശിക്കുകയാണ്. റോഡുകളുടെ വീതികുറവും അനധികൃത വാഹന പാര്‍ക്കിങ്ങും ഗതാഗക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപാലം അറ്റകുറ്റപ്പണിക്കായി അടച്ചതിനെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിച്ചു. തൃശൂർ ദിശയിലേക്കുള്ള മേൽപാലത്തിൽ ഇരുദിശയിലേക്കും ഗതാഗതം ക്രമീകരിച്ചാണ് കുരുക്ക് ഒഴിവാക്കിയത്. തിങ്കളാഴ്ചയാണ് പാലക്കാട് ദിശയിലേക്കുള്ള പാലത്തിലെ ജോയിന്റുകളുടെ തകരാർ പരിഹരിക്കുന്നതിനായി മേൽപാലം അടച്ചത്. ഈ സമയത്ത് വടക്കഞ്ചേരി സർവിസ് റോഡ് വഴിയാണ് ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയതോടെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. തൃശൂർ ദിശയിലേക്കുള്ള മേൽപാലത്തിലൂടെ ഇരുദിശയിലേക്കും ഗതാഗതം ക്രമീകരിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് കരാർ കമ്പനി അധികൃതർക്ക് കർശന നിർദേശം നൽകി. തുടർന്ന്, വ്യാഴാഴ്ച രണ്ടിടങ്ങളിൽ ഡിവൈഡറുകൾ പൊളിച്ച് വാഹനങ്ങൾ തൃശൂർ ദിശയിലേക്കുള്ള പാലംവഴി തിരിച്ചുവിടുകയായിരുന്നു. തൃശൂർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ മേൽപാലം തുടങ്ങുന്നതിനുമുമ്പ് ഡിവൈഡർ പൊളിച്ച ഭാഗത്തുകൂടി കടന്ന് തൃശൂർ ദിശയിലേക്കുള്ള മേൽപാലത്തിൽ പ്രവേശിക്കണം.
അൽപം മുന്നോട്ടുപോയശേഷം വീണ്ടും ഡിവൈഡർ പൊളിച്ച ഭാഗത്തുകൂടി കടന്ന് പാലക്കാട് ദിശയിലേക്കുള്ള പാലത്തിൽ പ്രവേശിക്കണം. തൃശൂരിൽനിന്ന് വടക്കഞ്ചേരിയിലേക്കുള്ള വാഹനങ്ങൾക്ക് സാധാരണ പോലെ മേൽപാലം തുടങ്ങുന്നതിനുമുമ്പുള്ള സർവിസ് റോഡ് വഴി തിരിഞ്ഞുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.