പാലക്കാട്: ക്രിസ്മമസ് ദിനത്തിൽ സ്വരലയ ഒരുക്കുന്ന സമന്വയം സംഗീത രാത്രി പാലക്കാട്ടുകാർക്ക് നൽകുക അപൂർവമൊരു സംഗീതാനുഭവമാകും.
പ്രശസ്ത പിന്നണി ഗായികയും ക്ലാസിക്കൽ സംഗീതജ്ഞയുമായ അരുന്ധതിയും മക്കളായ ശ്രീകാന്ത് ഹരിഹരൻ, ചാരു ഹരിഹരൻ എന്നിവർ ഒരുക്കുന്ന ‘നൊസ്റ്റാൾജിക്’ ഗാനവിരുന്ന് വൈകീട്ട് അഞ്ചരക്ക് രാപ്പാടി ഓഡിറ്റോറിയത്തിൽ നടക്കും. ‘ത്രിമധുരം’ പേരിൽ സിനിമ ഗാനങ്ങൾ, ഭജൻസ്, ക്ലാസിക്കൽ മ്യൂസിക് എന്നിവ വേദിയിലെത്തും.
എ.ആർ. റഹ്മാന്റെ വോക്കൽ സൂപ്പർവൈസറായി ജോലി നോക്കിയിട്ടുള്ള ശ്രീകാന്ത് ഹരിഹരൻ അദ്ദേഹത്തിന്റെ ബീഗ്ൾ, പൊന്നിയൻ ശെൽവൻ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ പാടിയിട്ടുണ്ട്. ഇപ്പോൾ ഡി.എൻ.എ എന്ന തമിഴ് സിനിമയുടെ സംഗീത സംവിധായകനുമായി.
സ്വീഡിഷ് ബാൻഡിൽ അംഗമായ ചാരു ഹരിഹരൻ പിന്നണി ഗായികയാണ്. മൃദംഗത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മൃദംഗത്തിന്റെയും, തബലയുടെയും സ്വരങ്ങൾ വാകൊണ്ട് പാടുന്ന വായ്ത്താരി അഥവാ കൊന്നക്കോൽ മേഖലയിലും പ്രശസ്തയാണ്.
മക്കളുമൊത്തുള്ള ആദ്യ പരിപാടിയാണ് സ്വരലയ സംഘടിപ്പിച്ചതെന്ന് അരുന്ധതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അപൂർവ അനുഭവമാണ്. ശരിക്കും വിവിധ സംഗീത ശാഖകളിലെ സംഗീതത്തിനെ സമന്വയിപ്പിച്ച് വേദിയിലെത്തിക്കുക എന്നത് പരീക്ഷണം തന്നെയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.