ഒറ്റപ്പാലം: രണ്ടാഴ്ച കൂടി കാത്തിരുന്നാൽ കൊയ്തെടുക്കാൻ പാകമായ പാടശേഖരങ്ങൾക്ക് കൂട്ട നാശം. ഊണും ഉറക്കവും നഷ്ടപ്പെടുത്തിയും ആയിരങ്ങൾ ചെലവിട്ടും പ്രതിസന്ധികൾ ഒന്നൊന്നായി തരണം ചെയ്ത് തളർന്ന കർഷകരെ അവസാന ഘട്ടത്തിലും കണ്ണീരിലാക്കുന്നത് കാട്ടുപന്നികളുടെ കൂട്ട വിളയാട്ടമാണ്. മൂപ്പെത്തിയ കതിരുമായി നിൽക്കുന്ന പാടശേഖരങ്ങളിൽ കിടന്നുരുണ്ടും നെൽക്കതിർ കടിച്ചെടുത്തും പരക്കെ സർവ നാശമാണുണ്ടാക്കുന്നത്.
അമ്പലപ്പാറയിലെ വിവിധ പാടശേഖരങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാലാവസ്ഥയിലെ വ്യതിയാനം കാരണം യഥാസമയത്ത് വിത്തിറക്കാൻ കഴിയാതിരുന്നതിന് പിറകെ ഓലചുരുട്ടി പുഴുശല്യം, മഞ്ഞളിപ്പ് തുടങ്ങിയ അനുബന്ധ ദുരിതങ്ങൾ താണ്ടിയാണ് കർഷകർ കൊയ്ത്തോളമെത്തിയത്. ഇതിനിടയിൽ മയിൽ, കാട്ടുപന്നി ശല്യങ്ങൾ പതിവ് ദുരിതമാണ്. ഇതുമൂലമുള്ള മനഃസംഘർഷവും ധനനഷ്ടവും മുന്നിൽ കണ്ട് പാടശേഖരങ്ങൾ തരിശിടുന്ന കർഷകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലും നിലം തരിശിടാൻ മടിക്കുന്ന ഒരുപിടി കർഷകരാണ് രണ്ടാം വിളയിൽ ദുരിതം ഏറ്റുവാങ്ങുന്നത്. അമ്പലപ്പാറ പയ്യപ്പാടം പാടശേഖരത്തിൽ കൊയ്തെടുത്താലും ഫലമില്ലാത്ത അവസ്ഥയിലാണ് നാശം. ഇടമഴയിൽ വെള്ളം നിറഞ്ഞ നിലത്ത് കൊയ്ത്ത് നടത്തിയാലും വൈക്കോൽ പോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. കണ്ണ് നട്ടു കാത്തിരിക്കുന്നതിനിടയിലാണ് കാട്ടുപന്നികളുടെ അക്രമണമെന്നതാണ് കർഷകരെ നൊമ്പരപ്പെടുത്തുന്നത്. ഷൂട്ടർ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പന്നിവേട്ട കടലാസിലൊതുങ്ങുകയാണ്.
വേട്ടക്കുള്ള ചെലവ് പഞ്ചായത്തുകൾ വഹിക്കാത്തതാണ് കാരണം. പാടശേഖര സമിതികൾക്ക് പന്നിവേട്ടക്കുള്ള അനുമതി കൈമാറിയിട്ടുണ്ടെന്നും ഷാർപ്പ് ഷൂട്ടർമാരെ വിട്ടുനൽകുമെന്നും ചെലവ് പാടശേഖര സമിതികൾ വഹിക്കണമെന്നുമാണ് പഞ്ചായത്ത് അധികാരികളുടെ നിലപാട്. എന്നാൽ, ഷൂട്ടർമാരും നായ്ക്കളും വാഹനങ്ങളുമായി എത്തുന്ന വേട്ട സംഘത്തിന്റെ ചെലവ് വഹിക്കാൻ നാമമാത്ര കർഷകന് താങ്ങാൻ കഴിയാതെ വരുന്നതാണ് ഉദ്യമത്തിൽ നിന്നും പിൻവാങ്ങാൻ കാരണമെന്ന് കർഷകർ വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.