അകത്തേത്തറ: ധോണിയിൽ പുലി പശുകിടാവിനെ കൊന്ന് തൊട്ടടുത്ത കാട്ടിൽ ഉപേക്ഷിച്ചു. അകത്തേത്തറ ധോണി മൂലയം വീട്ടിൽ ഷംസുദ്ദീന്റെ പുരയിടത്തിലെ തൊഴുത്തിൽ ആറു വളർത്തു പശുക്കൾക്കൊപ്പം കെട്ടിയിട്ട ഒന്നരവയസ്സുള്ള കിടാവാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച പുലർച്ച ആറോടെയാണ് സംഭവം. പശുവിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഞെട്ടിയുണർന്നത്. ഈ സമയം പുലി കാട്ടിലേക്ക് മറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെയാണ് പശുകിടാവിന്റെ മാംസഭാഗങ്ങൾ തിന്നശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടത്.
പാലക്കാട് വനം ഡിവിഷൻ ഓഫിസറും വനപാലകരും സ്ഥലത്തെത്തി പരിശോധിച്ചു. പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന കാൽപ്പാടുകൾ സ്ഥലത്ത് കണ്ടെത്തി. മാസങ്ങൾക്കുമുമ്പ് ഷംസുദ്ദീന്റെ വളർത്തുനായയേയും പുലി കൊന്നിരുന്നു. തൊട്ടടുത്ത ദിവസം പുരയിടത്തിലും സമീപ സ്ഥലങ്ങളിലും വനം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്തതോടോ അടുത്തദിവസംതന്നെ സ്ഥാപിച്ച പുലി കൂടും വനപാലകർ എടുത്തുകൊണ്ടുപോയി. നിരന്തരമായ വന്യമൃഗശല്യം ധോണിയിലും പരിസരങ്ങളിലുമുള്ള നിവാസികളുടെ ഉറക്കം കെടുത്തുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. രണ്ട് വർഷം മുമ്പ് ഈ പ്രദേശത്തിനടുത്താണ് ആൾതാമസമില്ലാത്ത കെട്ടിടത്തിൽ പുലി രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചത്. പ്രധാനമായും മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ, കരിമ്പ പഞ്ചായത്തുകളിലെ മലയോര ഗ്രാമങ്ങൾ വന്യജീവി ശല്യം മൂലം പൊറുതിമുട്ടുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ പത്തോളം പുലികളാണ് പ്രദേശത്തിറങ്ങിയത്. ഒരു പുലി കല്ലടിക്കോട് ചുങ്കത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ മുള്ളുവേലിയിൽ കുടുങ്ങി ചത്ത നിലയിലും കണ്ടെത്തിയിരുന്നു.
പാലക്കാട്, മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പുലി നിരവധി പശുക്കളെയും ആടുകളെയും വളർത്തു നായകളെയും കൊന്നിട്ടുണ്ട്. ആന, പന്നി, മയിൽ തുടങ്ങിയവയുടെയും ശല്യം ഈ മേഖലയിൽ രൂക്ഷമാണ്. ശല്യം കാരണം പലരും വീട് ഉപേക്ഷിച്ചു. കൃഷിയും പറമ്പും ഉപേക്ഷിച്ച് മറ്റു ചില ജോലികളിൽ ചേക്കേറിയവരും നിരവധിയാണ്.
മലമ്പുഴ: ഡാം റിസര്‍വോയറിന് സമീപവും പുലിയിറങ്ങിയതായി നാട്ടുകാർ. കരടിച്ചോല അയ്യപ്പന്പറ്റയില് ഞായറാഴ്ച രാത്രി ദേവിയുടെ നാലുവയസ്സുള്ള ചെനയുള്ള പശുവിനെയാണ് പുലിയും കുട്ടികളുമടങ്ങുന്ന കൂട്ടം വീട്ടുമുറ്റത്തുനിന്നും ആക്രമിച്ച് പിടികൂടിയത്. വീട്ടുകാര്‍ ശബ്ദം കേട്ട് ടോര്‍ച്ചടിച്ചപ്പോള്‍ പുലിയെയും കുട്ടികളെയും കണ്ടെന്ന് പറയുന്നു.
ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീടിന് 500 മീറ്റര്‍ അകലെ റിസര്‍വോയറിലെ വള്ളിക്കാട്ടില്‍ പാതി തിന്ന നിലയില്‍ പശുവിന്റെ ജഡം കണ്ടത്. ഇതിന് സമീപം തന്നെ മറ്റൊരു പശുവിന്റെ ജഡവും കണ്ടെത്തി. പരിസരത്തുള്ള കാര്‍ത്ത്യായനിയുടെ നാലുവയസ്സുള്ള പശുവാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തുദിവസത്തിനിടെ ഒന്നാംപുഴ പാലത്തിന് സമീപം രാജേന്ദ്രന്റെ രണ്ടുവയസ്സുള്ള പശുവിനെയും അയ്യപ്പന്പ്പറ്റ കോളനിയിലെ ചെന്താമരയുടെയും ഷണ്മുഖന്റെയും ആടുകളെയും ഗംഗാധരന്റെയും ശശിയുടെയും വീടുകളില്‍നിന്ന് അഞ്ച് പട്ടികളെയും പുലി പിടിച്ചിരുന്നു. രണ്ടാഴ്ചയോളമായി പ്രദേശം പുലി ഭീതിയിലാണ്. രാത്രി വിളിച്ചാല്‍ ആര്.ആര്.ടി ടീം ഫോണെടുത്താലും സ്ഥലം മനസ്സിലായില്ലെന്ന് പറഞ്ഞ് ഒഴിയുകയാണെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.