പട്ടാമ്പി: ജൽജീവൻ പദ്ധതിയും റോഡിലെ വെള്ളക്കെട്ടും മാലിന്യം തള്ളുന്നതും താലൂക്ക് വികസന സമിതിയിൽ ചൂടേറിയ ചർച്ചയായി. ഓങ്ങല്ലൂർ പഞ്ചായത്തിലെ ജൽജീവൻ പദ്ധതി റോഡുകളെ ബാധിക്കുന്നതായി രതി ഗോപാലകൃഷ്ണൻ പറഞ്ഞു. വിളയൂർ കൂരാച്ചിപ്പടി, എടപ്പലം എന്നിവിടങ്ങളിലെ റോഡിലൂടെ വലിയ വാഹനങ്ങൾ പോവുന്നതിനാൽ രൂപപ്പെട്ട കുഴികൾ പരിഹരിക്കാൻ നടപടി വേണമെന്ന് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ ആവശ്യപ്പെട്ടു. മുതുതല, കൊടുമുണ്ട എന്നിവിടങ്ങളിലെ വെള്ളക്കെട്ട് നീക്കണമെന്നും ജൽ ജീവൻ പ്രവൃത്തി പൂർത്തിയാക്കണമെന്നും പ്രസിഡന്റ് എ. ആനന്ദവല്ലി ആവശ്യപ്പെട്ടു. തൃത്താല മേഖലയിലെ പാടശേഖരങ്ങളിലും മറ്റും കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ നടപടി വേണമെന്ന് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ ആവശ്യപ്പെട്ടു. കൂറ്റനാട് സ്റ്റാൻഡിൽ കയറാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ലെന്നും ഇവിടെ കാമറവെച്ചാലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ എന്ന് പറയുന്നത് ശരിയല്ലെന്നും പ്രസിഡന്റ് ടി.വി. ബാലചന്ദ്രൻ പറഞ്ഞു.
തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ വെള്ളക്കെട്ട് മാറ്റാൻ ഡ്രൈനേജ് സംവിധാനം വേണമെന്നും പാതയോരങ്ങളിൽ നിൽക്കുന്ന മരച്ചില്ലകൾ ഒഴിവാക്കാൻ നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ടി.മുഹമ്മദലി പറഞ്ഞു. ആറോളം വീടുകൾക്ക് ഭീഷണിയായ പരുതൂർ കൊടിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ മരം വെട്ടി മാറ്റണമെന്ന് പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ പറഞ്ഞു.
കൊപ്പത്ത് ഡ്രൈനേജ് സംവിധാനം ഒരുക്കണമെന്ന് പ്രസിഡന്റ് അബ്ദുൾ അസീസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, രാഷ്ട്രീയ പ്രതിനിധികളായ കെ.ആർ. നാരായണ സ്വാമി, എൻ.പി. വിനയകുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.