പട്ടാമ്പി: കുലുക്കല്ലൂരിൽ ജാക്കിവെച്ച് വീടുയർത്തിയത് വിസ്മയക്കാഴ്ചയായി. വീടിന് ഒരു ഇളക്കവും ഏൽപിക്കാതെ തറയിൽനിന്ന് മൂന്ന് അടി ഉയർത്തി നിർത്തിയ സാങ്കേതിക വിദ്യയിൽ കണ്ണ് തള്ളിയിരിപ്പാണ് നാട്ടുകാർ. കുലുക്കല്ലൂരിലെ മക്കര പുത്തൻവീട്ടിൽ നാരായണൻകുട്ടിയുടെ 18 വർഷം പഴക്കമുള്ള രണ്ടുനില വാർപ്പ് വീടാണ് ചുമരുകൾക്കോ ജനലുകൾക്കോ യാതൊരു പോറലുമേൽക്കാതെ തറ ഭിത്തിയിൽനിന്ന് മൂന്ന് അടി ഉയർത്തിയത്. കോണിക്കുപോലും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.
കഴിഞ്ഞ മൂന്ന് പ്രളയത്തിലും സമീപത്തുള്ള തോട് നിറഞ്ഞ് വീടിനകത്തേക്ക് വെള്ളം കയറിയതാണ് വീട്ടുകാരെ ഇതിന് പ്രേരിപ്പിച്ചത്.വീടിനകത്ത് വരെ രണ്ടടി ഉയരത്തിലെത്തിയ വെള്ളം ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള പരിഹാരമെന്നോണം നടത്തിയ വീട് ഉയർത്തുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അന്വേഷണം ഹരിയാനയിലെ ആശിർവാദ് ബിൽഡിങ് ലിഫ്റ്റിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെത്തുകയായിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങൾ എറണാകുളത്ത് വെച്ച് നേരിട്ട് കണ്ട് ബോധ്യപ്പെട്ടാണ് വീടുയർത്താൻ നാരായണൻകുട്ടി തീരുമാനിച്ചത്. 3.5 ലക്ഷം രൂപ ചെലവിലാണ് 1500 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടു നില വീട് ഉയർത്തുന്നത്. മൂന്നുമാസത്തിനകം മൂന്ന് അടി വീട് ഉയർത്തി പണി പൂർത്തീകരിച്ചു നൽകാനാണ് കരാർ. 150ഒാളം ഇരുമ്പ് ജാക്കികൾ ഉപയോഗിച്ച് വീടിെൻറ നാലുഭാഗങ്ങളിലും ഒരേ അളവിൽ ഉയർത്തി. തുടർന്ന് മൂന്ന് അടി വിടവുകളിൽ വെട്ട് കല്ല് കൊണ്ട് പടവെടുത്ത് ചുമരിനോട് ചേർക്കുന്നതോടെ പണി പൂർത്തിയാകും. നിലംപണിയടക്കം ചെറിയ രീതിയിൽ അറ്റകുറ്റപ്പണി നടത്തേണ്ടി വരുമെങ്കിലും വീട് പൊളിച്ചുമാറ്റാതെ തന്നെ താമസം തുടരാൻ കഴിയുമെന്ന ആശ്വാസത്തിലാണ് വീട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.