വാണിയംകുളത്ത് ബൈക്കിലെത്തിയ സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ കൈയേറ്റം ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യം
ഒറ്റപ്പാലം: വാണിയംകുളത്ത് പെട്രോൾപമ്പിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം. പമ്പ് ജീവനക്കാരൻ പനമണ്ണ സ്വദേശി ഷമീമിന് ക്രൂര മർദനമേറ്റു. വ്യാഴാഴ്ച രാത്രി 9.30നായിരുന്നു സംഭവം. മൂന്നംഗ സംഘം ഒരു ബൈക്കിൽ പെട്രോൾ അടിക്കുന്നതിനായി പമ്പിലെത്തിയതായിരുന്നു. ഇതിൽ ഒരാൾ 50 രൂപക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെടുകയും ജീവനക്കാരൻ അതിന് ശ്രമിക്കവേ മറ്റു രണ്ടുപേർ തുക മാറ്റി മാറ്റിപ്പറയുകയുമായിരുന്നു.
എത്ര രൂപക്കാണ് പെട്രോൾ അടിക്കേണ്ടതെന്ന് തീരുമാനിച്ചശേഷം അടിച്ചുതരാം എന്ന് ജീവനക്കാരൻ പറഞ്ഞതോടെ ഇവർ കുപിതരായി. സംഘാംഗങ്ങൾ ഭീഷണി മുഴക്കുന്നതിനിടെ ബൈക്കിന്റെ പിന്നിലിരുന്ന ആൾ ഇറങ്ങിവന്ന് ജീവനക്കാരന്റെ മുഖത്ത് മർദിക്കുകയായിരുന്നു. കോലാഹലം കേട്ട് ഏതാനും പേർ പമ്പിലേക്ക് വന്നതോടെ മർദിച്ച ആൾ ബൈക്കിൽ കയറുകയും ബൈക്ക് ഓടിച്ചുപോവുകയുമായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പമ്പ് ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയിലെ പെട്രോൾ പമ്പുകൾക്കുനേരെ ആക്രമണങ്ങൾ വർധിച്ചുവരുന്നതായി കഴിഞ്ഞ ദിവസം ചേർന്ന ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.