പാലക്കാട്: അകത്തേത്തറ - നടക്കാവ് മേൽപാലത്തിനടുത്ത് റെയില്‍വേ ലൈനിനടിയിലൂടെയുള്ള പാലക്കാട് നഗരസഭയുടെ പരിധിയിലുള്ള തോട്ടില്‍ കൃത്യമായ അഴുക്കുചാല്‍ സംവിധാനം തയാറാക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആര്.ഡി.ഒയുടെ നിര്‍ദേശം.
തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ അകത്തേത്തറ പഞ്ചായത്തിലെ എ.കെ.ജി കോളനി, ഐശ്വര്യ കോളനി ഭാഗങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് നിര്‍ദേശം. താലൂക്ക് സമിതി മുഖാന്തരം കലക്ടര്‍ക്ക് കത്ത് നല്‍കണമെന്നും ആര്.ഡി.ഒ നിര്‍ദേശിച്ചു.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വഴി സര്‍വിസ് നടത്തുന്ന ബസുകളില്‍ പാറ എന്നത് എലപ്പുള്ളി പാറ എന്ന് എഴുതുന്നത് സംബന്ധിച്ച് ആര്.ടി.ഒക്ക് കത്ത് നല്കാന് ആര്.ഡി.ഒ നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നിര്‍ദേശം.
തിരുനെല്ലായി സ്വകാര്യ ആശുപത്രി റോഡില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ആട്, പോത്ത് എന്നിവയുടെ തോല് സംസ്കരിച്ച ശേഷമുള്ള ഉപ്പുവെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നത് സംബന്ധിച്ച് നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് പരിശോധിക്കാനും അടുത്ത യോഗത്തിനുമുമ്പ് റിപ്പോര്‍ട്ട് ലഭ്യമാക്കാനും ആര്.ഡി.ഒ നിർദേശിച്ചു.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന് അധ്യക്ഷയായ യോഗത്തില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എ. ഭാസ്കരന്, എം. കബീര്‍, ശിവരാജേഷ്, ജയന് മമ്പറം, കെ. ബഷീര്‍, ഉബൈദുള്ള, പാലക്കാട് ആര്.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ വി. സുധാകരന്, താലൂക്കുതല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.