പാലക്കാട്: ഓക്സിജൻ മാസ്കും ഓക്സിജൻ മെഷീനും ജീവിതത്തിന്റെ ഭാഗമായ അവസ്ഥയിലാണ് പാലക്കാട് നരികുത്തി സ്വദേശി എം.ആർ. കാജാഹുസൈൻ (40). പത്തു വർഷമായി ഓക്സിജൻ മെഷീനാണ് അദ്ദേഹത്തിന്റെ ജീവൻ പിടിച്ചുനിർത്തുന്നത്. 24 മണിക്കൂറും ഓക്സിജൻ മെഷീൻ ഉപയോഗിച്ചാണ് ശ്വസിക്കുന്നത്. കറന്റ് പോയാലോ അൽപ നേരത്തേക്ക് യന്ത്രം മാറ്റിവെച്ചാലോ ശ്വാസം മുട്ടൽ കലശലാകും. പിന്നെ ആശുപത്രിയിൽ പോകേണ്ടിവരും. ഹൃദയത്തിലേക്കുള്ള ഓക്സിജൻ പമ്പിങ് കുറഞ്ഞതാണ് കാജാഹുസൈന്റെ ദുരവസ്ഥക്ക് കാരണം.
ചെറുപ്പം മുതൽ ശ്വാസംമുട്ടലുണ്ടായിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് രോഗാവസ്ഥയുടെ തുടക്കം. പുകവലി ഉൾപ്പെടെയുണ്ടായിരുന്നതിനാൽ ചുമയും ശ്വാസംമുട്ടലും വർധിച്ചു. അധികം വൈകാതെ ശ്വാസകോശത്തെയും ഹൃദയത്തെയും രോഗം ബാധിച്ചു. പാലക്കാട് ജില്ല ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ നടത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായില്ല. അര സെന്റ് സ്ഥലത്തെ ഒറ്റമുറി വീട്ടിലാണ് കാജാഹുസൈന്റെ താമസം.
ഓക്സിജൻ മെഷീനും സിലിണ്ടറുമെല്ലാം ഇവിടെത്തന്നെയാണ് സൂക്ഷിക്കുന്നത്. മുഴുവൻ സമയവും ഓക്സിജൻ മെഷീൻ ഉപയോഗിക്കുന്നതിനാൽ 5000-6000 രൂപയോളം വൈദ്യുതി ബില്ല് വരും. ആറുമാസം കൂടുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ വൈദ്യുതി ബില്ലിൽ 50 ശതമാനം കുറവ് കിട്ടുമെന്നതാണ് ആശ്വാസം. തുടർച്ചയായുള്ള ഉപയോഗം മൂലം ഓക്സിജൻ മെഷീൻ കേടായിത്തുടങ്ങി. വീട്ടിലെ സഹിക്കാനാകാത്ത ചൂടും യന്ത്രത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നുണ്ട്.
ബിപാപ് മെഷീൻ മാസം 6000 രൂപ വാടകക്കാണ് ഉപയോഗിക്കുന്നത്. കറന്റ് പോകുമ്പോഴോ ആശുപത്രിയിലേക്ക് പോകുമ്പോഴോ ഉപയോഗിക്കാനായി ഓക്സിജൻ സിലിണ്ടറും ഉണ്ട്. വലിയ സിലിണ്ടർ 20 മണിക്കൂറും ചെറുത് ആറു മണിക്കൂറുമാണ് നിൽക്കുക. ഓക്സിജൻ മാസ്ക് എപ്പോഴും ഉപയോഗിക്കുന്നതിനാൽ ഒരു മാസമായി കുളിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് കാജാഹുസൈൻ വേദനയോടെ പറഞ്ഞു.
യാക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ ചികിത്സ നടത്തുന്നത്. മാസം മരുന്നിനുതന്നെ നല്ലൊരു തുക ചെലവ് വരും. സാമൂഹ്യക്ഷേമ പെൻഷൻ കിട്ടുന്നുണ്ടെങ്കിലും അതും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പ്രായമായ മാതാവ് ബൽക്കീസ് (60) ആണ് മകനെ ശുശ്രൂഷിക്കുന്നത്. അതിനാൽ ബൽക്കീസിന് പണിക്കൊന്നും പോകാനാവില്ല. പിതാവ് മജീദ് കാൻസർ ബാധിച്ചാണ് മരിച്ചത്.
കാജാഹുസൈന്റെ അനുജൻ ലോഡിങ് തൊഴിലാളിയായ ഷാഹുൽ ഹമീദും കുടുംബവുമാണ് ഇവരുടെ ഏക ആശ്രയം. അവരും ഈ വീട്ടിൽ തന്നെയാണ് താമസം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് തങ്ങളുടെ ദുരിതം പറഞ്ഞെങ്കിലും ശരിയാക്കാമെന്ന വാഗ്ദാനമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് ഈ ഉമ്മയും മകനും പറയുന്നു. ഒരു പതിറ്റാണ്ട് രോഗക്കിടക്കയിൽ തള്ളിനീക്കിയതിന്റെ നിരാശക്കിടയിലും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന അതിയായ ആഗ്രഹമാണ് കാജാഹുസൈനെ മുന്നോട്ടുനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.