‘ബസ് പണിമുടക്കൽ’ പതിവുകാഴ്ച; കെ.എസ്.ആർ.ടി.സി യാത്ര ദുരിതം

പാലക്കാട്: ബസുകളുടെ പണിമുടക്കലും കാലപഴക്കവും കെ.എസ്.ആർ.ടി.സി യാത്ര ദുസ്സഹമാക്കുന്നു. വാരാദ്യങ്ങളിൽ ദീർഘദൂര യാത്രക്കായി കെ.എസ്.ആർ.ടി.സിയിൽ ബുക്ക് ചെയ്യുന്നവരാണ് പലപ്പോഴും കെണിയിൽപെടുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ 4.15ന് നിലമ്പൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ നിലമ്പൂർ ഡിപ്പോയുടെ ബസ് ഷൊർണൂർ ഐ.പി.ടിക്ക് സമീപം കേടായി. ഏറെ നേരം കാത്തുനിന്ന ശേഷമാണ് അടുത്ത ബസ് എത്തിയത്. നിറഞ്ഞു വന്ന തിരുവനന്തപുരം ബസിലെ ദീർഘദൂരയാത്രക്കാരടക്കം തൂങ്ങിപിടിച്ച് യാത്രചെയ്യേണ്ട അവസ്ഥയായി.

സുഗമമായ യാത്രക്ക് അധിക നിരക്ക് നൽകി മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഈ ഗതികേടുണ്ടായത്. ഒന്നോ രണ്ടോ തവണയല്ല, പല സമയങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ദീർഘദൂര യാത്രക്ക് ഒരുക്കുന്ന വണ്ടികൾ കാലപ്പഴക്കമേറിയതാണെന്ന് തൊഴിലാളികൾ പറയുന്നു. ബുക്ക് ചെയ്തു പോകുന്ന പരീക്ഷാർഥികളടക്കം വിദ്യാർഥികളും ട്രെയിനിനും മറ്റും സമയം കണക്കാക്കിപോകുന്നവരുമാണ് ഇതിൽ ദുരിതത്തിലാകുന്നത്.

ഓടിത്തളർന്ന പല ബസുകളും മെയിന്റനൻസ് പോലും നടത്താൻ പറ്റാത്തവയാണ്. ഇത്തരം ബസുകളെയാണ് ഞാണിന്മേൽ കളിയെന്നോണം കെ.എസ്.ആർ.ടി.സി നിരത്തിലിറക്കി പരീക്ഷണം നടത്തുന്നത്. ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാത്ത കെ.എസ്.ആർ.ടി.സി വാഹനങ്ങളിലെ യാത്ര യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കും. അന്തർ സംസ്ഥാന ബസുകൾ പലതും ദൈനംദിന പരിശോധനപോലും നടത്താതെയാണ് സർവിസ് നടത്തുന്നത്.

കെ.എസ്.ആർ.ടി.സിയെ വിശ്വാസത്തിലെടുത്ത് യാത്രക്കായി തിരിക്കുന്നവരാണ് ‘ബസ് പണിമുടക്കിൽ’ ഇരകളാകുന്നത്. കൊട്ടിഘോഷിച്ച് ആരംഭിച്ച പാലക്കാട്-കൊല്ലൂർ മൂകാംബിക ഇതരസംസ്ഥാന ബസടക്കം കെ.എസ്.ആർ.ടി.സി പൊടി തട്ടിയെടുത്തവയാണ്. 

Tags:    
News Summary - KSRTC travel woes in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.