പത്തനംതിട്ട: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച് 5 എന്‍1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ടവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം മൂലം വൈറസ് മനുഷ്യരിലേക്ക് പടരാം. ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, ശ്വാസതടസം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്.
പന്തളം : നാട്ടുപക്ഷികൾ പക്ഷിപ്പനി വാഹകരാകുന്നോയെന്ന് മൃഗസംരക്ഷണ വകുപ്പിനു സംശയം. ദേശാടന പക്ഷികൾ കൂടുതലായി എത്തുന്ന സീസണുകളിലാണു നേരത്തെ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടിരുന്നതെങ്കിൽ ഈ വർഷം സീസണിന് ശേഷമാണു പക്ഷിപ്പനി ഉണ്ടായത്.
ദേശാടനപക്ഷികളല്ലാത്ത, നാട്ടിൽ തന്നെയുള്ള പക്ഷികളിൽ പക്ഷിപ്പനിക്കു കാരണമാകുന്ന രോഗാണുക്കൾ ഉണ്ടായതാകാം ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ പഠനത്തിനു ശേഷമാകും സ്ഥിരീകരിക്കുക. നാട്ടുപക്ഷികൾ കൂടുതലായി ചത്തതായി കണ്ടെത്താനായിട്ടില്ല. ദേശാടനപക്ഷികളുമായി ഇടപെഴകുന്നതിലൂടെയും ദേശാടനപക്ഷികൾ എത്തുന്ന പാടശേഖരങ്ങളിൽ തീറ്റാനിറക്കുന്നതിലൂടെയുമാണ് വളർത്തുപക്ഷികൾക്ക് പക്ഷിപ്പനി പിടിപെടുന്നതെന്നാണു നിഗമനം.
ഇതേ രീതിയിൽ മറ്റു നാട്ടുപക്ഷികൾക്കും രോഗം പിടിപെട്ടിരിക്കാമെന്നും അവ രോഗവാഹകരായി മാറാൻ സാധ്യതയുണ്ടെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് കൂടുതലായി ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തിയത്. ഇപ്പോൾതന്നെ ചേരിക്കൽ, പൂഴിക്കാട് മേഖലകളിൽ ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തുന്നുണ്ട്. എന്നാൽ മൃഗസംരക്ഷണ വകുപ്പിൽ വേണ്ടത്ര ജീവനക്കാർ ഇല്ല എന്നതും രോഗനിർണയം നടത്തുന്നതിന് തടസമാണ്. ഓഫീസുകളിൽ അപൂർവ്വം ജീവനക്കാർ മാത്രമേ ഉള്ളൂ. ഒഴിവുകളിലേക്ക് പുതിയ നിയമനവും നടക്കുന്നില്ല. ഇതും പക്ഷികളിലെ രോഗനിർണയത്തിന് കാലതാമസം വരുത്തുന്നുണ്ട്.
- കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളുമായി അകലംപാലിക്കുക.
- വളര്‍ത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.
- പക്ഷികളെ വളര്‍ത്തുന്ന സ്ഥലം / കൂടിന്റെ പരിസരത്ത് പോകരുത്.
- മുട്ട, മാംസം എന്നിവ നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക.
- ചത്ത പക്ഷികള്‍, കാഷ്ഠം മുതലായ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ ആയാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
- രോഗബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ മാസ്ക് ഉപയോഗിക്കുക.
- പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സ്വയം ശ്രദ്ധിക്കുക. ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.