പത്തനംതിട്ട: ശബരിമല തീർഥാടകരുടെ യാത്രസൗകര്യം മുൻനിർത്തി ചെങ്ങന്നൂർ-പമ്പ റെയിൽപാതയുടെ സാധ്യത തെളിഞ്ഞു. 75 കിലോമീറ്ററുള്ള ഇരട്ടപ്പാത ചെങ്ങന്നൂരിൽനിന്ന് ആരംഭിച്ച് പമ്പാനദിയുടെ തീരത്തുകൂടി ശബരിമല പമ്പ വരെ നീളുന്നതാണ്. പാതയുടെ അലൈൻമെന്റ് തയാറാക്കിയിരുന്നു. അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി നൽകിയതായും വിശദപദ്ധതി രേഖ തയാറാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
പാതയുടെ 90 ശതമാനവും പത്തനംതിട്ട ജില്ലയിലാണ്. ചെങ്ങന്നൂരിൽനിന്ന് ആരംഭിച്ച് കല്ലിശ്ശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശ്ശേരിക്കര, മാടമണ്‍, അത്തിക്കയം, കണമല, നിലയ്ക്കൽ, അട്ടത്തോട്, ചാലക്കയം വഴിയാണ് പാത പമ്പയിലെത്തുക. 7000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് പാതക്കുവേണ്ടി തയാറാക്കിയത്. ചെങ്ങന്നൂർ-പമ്പ റെയിൽപാത എലിവേറ്റഡ് പദ്ധതിയായാണ് വിഭാവനം ചെയ്യുന്നത്. കിലോമീറ്ററിന് 118 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തീകരിക്കാൻ 9000 കോടി രൂപ വേണ്ടിവരും. പാതയുടെ വിശദമായ രൂപരേഖ സമർപ്പിക്കുന്നതിന് മുന്നോടിയായി സർവേ നടത്തിയിരുന്നു. റാന്നിയിൽ പൂർണമായി പമ്പാനദി തീരത്തുകൂടിയാണ് പാത കടന്നുപോകുന്നത്. പെരുനാട്ടിൽനിന്ന് ശബരിമല പാതക്ക് സമാന്തരമായും. നിലക്കലിൽ പാത ഭൂമിക്കടിയിലൂടെയാണ് നിർദേശിച്ചിരിക്കുന്നത്. ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, പമ്പ എന്നിവയാണ് റെയിൽവേ സ്റ്റേഷനുകള്‍.
ശബരിമല തീര്‍ഥാടകരെ ലക്ഷ്യംവെച്ചുള്ള പദ്ധതി നിര്‍ദേശമാണ് നിര്‍ദിഷ്ട ചെങ്ങന്നൂര്‍-പമ്പ പാതക്കായി തയാറാക്കിയത്. നിലവിലെ ചെങ്ങന്നൂര്‍ സ്റ്റേഷന് ജങ്ഷനായി മാറുന്നതിനൊപ്പം പാതയിലെ ആറന്മുള, വടശ്ശേരിക്കര, പമ്പ സ്റ്റേഷനുകള്‍ മെട്രോ മാതൃകയില്‍ നിര്‍മിക്കും. പമ്പയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് അടുത്താണ് റെയിൽവേ സ്റ്റേഷൻ. ശബരിമല തീര്‍ഥാടനകാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകരില്‍ 70 ശതമാനവും ചെങ്ങന്നൂര്‍ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവരുടെ തുടര്‍ യാത്രക്കുള്ള സൗകര്യമെന്ന നിലയിലാണ് പുതിയ റെയില്‍പാതയുടെ നിര്‍ദേശമുണ്ടായത്. തീർഥാടനകാലത്ത് ഒഴികെയുള്ള സർവിസുകൾ ലാഭകരമാകില്ലെന്നും കണ്ടെത്തിയിരുന്നു. പദ്ധതി കേന്ദ്രംതന്നെ നേരിട്ട് നടത്തുമെന്നാണ് സൂചന. പമ്പയുടെ തീരത്തുകൂടി ആയതിനാൽ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചു വിശദമായ പഠനം വേണ്ടിവരും.
ശബരിമല തീർഥാടകർക്ക് ചെങ്ങന്നൂരിൽനിന്ന് പമ്പയിലെത്താൻ 40 മിനിറ്റ് മാത്രം മതിയെന്നതാണ് പ്രയോജനമായി ചൂണ്ടിക്കാട്ടുന്നത്. ആറന്മുള, ചെറുകോൽപ്പുഴ, പെരുന്തേനരുവി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപത്തുകൂടി കടന്നുപോകുന്ന പാത സഞ്ചാരികൾക്കും ഉപയോഗപ്രദമാകും. പാത 2025ല്‍ യാഥാർഥ്യമാകുമെന്നാണ് അടുത്തിടെ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് അറിയിച്ചത്. ലാഭം മാത്രംനോക്കിയല്ല ചെങ്ങന്നൂർ-പമ്പ റെയിൽപാത പദ്ധതിയെന്ന നിലപാടിലാണ് റെയിൽവേ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൂടതൽ തീർഥാടകർക്ക് ശബരിമലയിൽ എത്താൻ മെച്ചപ്പെട്ട സൗകര്യമൊരുക്കി റെയിൽവേയുടെ സ്വീകാര്യത വർധിപ്പിക്കുകയെന്നതും ലക്ഷ്യമിടുന്നുണ്ട്.
അങ്കമാലി-എരുമേലി ശബരി പാതക്കായി സംസ്ഥാനം ആവശ്യം ഉന്നയിക്കുമ്പോഴും ചെങ്ങന്നൂർ-പമ്പ പാതയുടെ നടപടികൾ ചെന്നൈയിയെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് പുരോഗമിക്കുന്നെന്നാണ് വിവരം.
ആഗസ്റ്റ് അവസാനം വിശദ പദ്ധതി രേഖ റെയിൽവേ ബോർഡിലേക്ക് സമർപ്പിക്കുമെന്നാണ് സൂചന. ദക്ഷിണ റെയിൽവേയുടെ അനുമതി പദ്ധതിക്ക് ലഭിച്ച ശേഷമാണ് ബോർഡിന് കൈമാറുക.
നിലവിലെ സാഹചര്യത്തിൽ മണ്ഡല, മകരവിളക്ക് കാലത്തു മാത്രമേ പാതയില്‍ ട്രെയിൻ സര്‍വിസ് ഉണ്ടാകൂ. ഓരോ മലയാള മാസത്തിലെയും ആദ്യ അഞ്ച് ദിവസങ്ങളിൽ ശബരിമല നട തുറക്കുമ്പോൾ സർവിസ് നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബാക്കി സമയങ്ങളിൽ അടച്ചിടും.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ 360 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്നതും അനുകൂല ഘടകമാണ്. ഏതുതരം ട്രെയിനുകൾ ഓടിക്കണമെന്ന കാര്യത്തിൽ പല നിർദേശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല. 16 കോച്ചുകൾ വരെയുള്ള വന്ദേ മെട്രോ ട്രെയിനുകൾ സർവിസ് നടത്താനുള്ള ചർച്ചകളാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.