പന്തളം: വിവാദമുണ്ടാക്കുകയല്ല മഹത്തായ മണ്ഡലകാലം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിലയിരുത്താൻ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറിയ വിവാദംപോലും ഉണ്ടാവാത്ത ഒരു മണ്ഡലകാലമാണ് പ്രതീക്ഷിക്കുന്നത്. അതിനായി വകുപ്പുകൾ എല്ലാം മികച്ച പ്രവർത്തനം നടത്തണം. ഫയർഫോഴ്സിനോടൊപ്പം സിവിൽ ഡിഫൻസ് ടീമിനെ ഇത്തവണ പന്തളത്ത് ഉപയോഗിക്കണം. മോട്ടോർ വാഹന വകുപ്പ് പന്തളത്ത് രണ്ട് സ്ക്വാഡിനെ പട്രോളിങ്ങിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളത്ത് 30 വിശുദ്ധി സേന അംഗങ്ങളെ നിയോഗിക്കുമെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. തീർഥാടനം സുഗമമാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ ലഭിക്കുന്ന ഇൻഫർമേഷൻ കൗണ്ടർ പന്തളത്ത് ഒരുക്കണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ദീപാവർമ പറഞ്ഞു.
ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, സ്ഥിരംസമിതി അധ്യക്ഷൻ ബെന്നി മാത്യു, കെ. സീന, കൗൺസിലർ പി.കെ. പുഷ്പലത, ദേവസ്വം ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, അടൂർ ഡിവൈ.എസ്.പി ആർ. ബിനു, ദേവസ്വം ബോർഡ് അഡീഷനൽ സെക്രട്ടറി ടി.ആർ. ജയപാൽ, ദേവസ്വം ബോർഡ് കമീഷണർ ബി.എസ്. പ്രകാശ്, വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥിപാൽ, സെക്രട്ടറി ആഘോഷ് വി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.