പത്തനംതിട്ട: ടിപ്പറുകളുടെ മരണപ്പാച്ചിൽ അപകടങ്ങൾക്ക് ഇടയാക്കുന്നു. ബുധനാഴ്ച രാവിലെ വള്ളിക്കോട് കൊച്ചാലുംമൂട്ടിൽ സ്കൂട്ടറിൽ ട്യൂഷൻ സെന്ററിലേക്ക് മാതാവിനൊപ്പം വന്ന കുട്ടി മരിച്ചത് ടിപ്പർ ലോറിയുടെ അമിതവേഗംകാരണമാണ്. ഇടിയുടെ ആഘാതത്തിൽ അമ്മയും മകളും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്കൂട്ടർ നിശ്ശേഷം തകർന്ന നിലയിലാണ്. പ്രമാടം നേതാജി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അങ്ങാടിക്കൽ വടക്ക് മുക്കുംങ്കൽ വീട്ടിൽ ജെസ്നയാണ് മരിച്ചത്.
വള്ളിക്കോട് കോട്ടയത്തുള്ള പാറ മടയിൽ നിന്നും ലോഡുമായി വന്ന ടിപ്പറാണ് ഇടിച്ചത് . ഈ പാറമടയിൽ നിന്നും പാറഉൽപന്നങ്ങളുമായി ദിവസവും നിരവധി വാഹനങ്ങളാണ് ഇതു വഴി പോകുന്നത്. അമിത വേഗത്തിലാണ് ഇതുവഴി ടിപ്പറുകൾ പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികളടക്കം സഞ്ചരിക്കുന്ന പ്രധാന റോഡായിട്ടും വേഗം കുറക്കാറില്ല. വേഗത്തിൽ പാറമടയിൽനിന്നും ലോഡ് കയറ്റിക്കൊണ്ടുപോകാൻ പലപ്പോഴും ടിപ്പറുകൾ മൽസരിക്കുന്നുമുണ്ട്. കൂടുതൽ ലോഡ് വിവിധയിടങ്ങളിൽ എത്തിക്കാനാണ് മൽസരിക്കുന്നത്.
വള്ളിക്കോട് കോട്ടയത്തുനിന്നും പന്തളം ഭാഗത്തേക്കാണ് കൂടുതൽ ലോഡും പാറ ഉൽപന്നങ്ങൾ പോകുന്നത്. പുലർച്ച മുതൽ വാഹനങ്ങളുടെ നീണ്ടനിര റോഡിൽ പ്രത്യക്ഷപ്പെടും. കാൽനടയാത്ര പോലും ഇപ്പോൾ അസാധ്യമായിരിക്കയാണ്. വലിയ ടോറസ് വാഹനങ്ങൾ ഉൾപ്പെടെയാണ് ചീറിപ്പായുന്നത് . പൊതുവെ വീതിക്കുറവുള്ള റോഡുകളാണ് ഈ മേഖലയിലേത്. ടിപ്പറുകളും ടോറസ് വാഹനങ്ങളും വലിയ ശബ്ദത്തോടെ ചീറിപ്പാഞ്ഞ് വരുേമ്പാൾ ഇരുചക്രവാഹനങ്ങൾക്ക് സൈഡിലേക്ക് മാറാൻപോലും കഴിയാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.