പത്തനംതിട്ട: നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പുനഃസ്ഥാപിക്കാൻ കരാറെടുത്ത ലോട്ടസ് കമ്പനിയെ പ്രോസിക്യൂട്ട് ചെയ്യാൻ നഗരസഭ നടപടികളാരംഭിച്ചു. നഗരസഭ സെക്രട്ടറി സജിത്കുമാർ കെ.കെ. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ ഹരജി ഫയൽ ചെയ്തു.
അഡ്വ. മുഹമ്മദ് അൻസാരി മുഖേന ഫയൽ ചെയ്ത കേസിൽ പ്രാരംഭവാദം കേട്ട മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകി. 2021 ജൂണിലാണ് ജില്ല ആസ്ഥാനത്തെ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ പുനഃസ്ഥാപിക്കാൻ കമ്പനി ജലവിഭവ വകുപ്പുമായി കരാറിൽ ഏർപ്പെട്ടത്. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്ത കമ്പനിക്ക് നാലുതവണയാണ് ജലവിഭവ വകുപ്പ് കരാർ ദീർഘിപ്പിച്ചു നൽകിയത്. നഗരത്തിലെ പ്രധാന റോഡുകളുടെ വശങ്ങളിൽ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികൾ പൂർവ സ്ഥിതിയിലാക്കാത്തതിനെ തുടർന്ന് ജല അതോറിറ്റിക്കെതിരെ നഗരസഭ പരസ്യമായി രംഗത്തുവന്നിരുന്നു.
കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി അടിയന്തരമായി റോഡ് പുനഃസ്ഥാപിക്കണമെന്ന് നഗരസഭ ചെയർമാൻ മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകിയിരുന്നു. കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടി തുടങ്ങാൻ നഗരസഭ സെക്രട്ടറിക്ക് ചെയർമാൻ നിർദേശം നൽകുകയായിരുന്നു.
തുടർന്ന് നഗരസഭ സെക്രട്ടറി 48 മണിക്കൂറുകൾക്കകം മൺകൂനകളും കുഴികളും നികത്തി റോഡ് പൂർവസ്ഥിതിയിലാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു.
കമ്പനി നോട്ടീസ് കൈപ്പറ്റി 48 മണിക്കൂർ കഴിഞ്ഞതിനെത്തുടർന്നാണ് പ്രോസിക്യൂഷൻ നടപടിക്കായി നഗരസഭ സെക്രട്ടറി കോടതിയെ സമീപിച്ചത്. നഗരസഭ സെക്രട്ടറിയുടെ നിർദേശം അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ പിഴശിക്ഷ കൂടാതെ നിർദേശം അനുസരിക്കുന്നതുവരെയോ അനുസരിപ്പിക്കുന്നത് വരെയോ തടവുനൽകാൻ കഴിയുന്ന വകുപ്പുകൾ ചേർത്താണ് പ്രോസിക്യൂഷൻ നടപടി ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.