പത്തനംതിട്ട: ചൂടേറിയ പ്രചാരണം സമാപനത്തിലേക്കെത്തുമ്പോൾ വിജയം അവകാശപ്പെട്ട് മൂന്ന് മുന്നണിയുടെയും നേതാക്കൾ. പ്രസ് ക്ലബ് സംഘടിപ്പിച്ച ‘തേരോട്ടം’ സംവാദ പരിപാടിയിലാണ് നേതാക്കൾ വിജയപ്രതീക്ഷ പങ്കുവെച്ചത്. യു.ഡി.എഫിനുവേണ്ടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, എല്‍.ഡി.എഫ് പക്ഷത്തുനിന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ രാജു എബ്രഹാം, എന്‍.ഡി.എക്കായി ബി.ജെ.പി ജില്ല സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവരാണ് പങ്കെടുത്തത്. ആന്റോ ആന്റണി ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പഴകുളം മധു പറഞ്ഞു. അനിൽ ആന്റണിക്ക് ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം പ്രദീപ് അയിരൂരും അവകാശപ്പെട്ടു. തോമസ് ഐസക്കിന് ജയം ഉറപ്പെന്ന് പറഞ്ഞ രാജു എബ്രഹാം പക്ഷേ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ അവകാശവാദത്തിനൊന്നും മുതിർന്നില്ല. തോമസ് ഐസക്കിന്റെ ‘ഉറപ്പാണ് തൊഴിൽ’, മലയോര മേഖലയിലെ വന്യമൃഗശല്യം, കള്ളവോട്ട് എന്നിവയുടെയെല്ലാം പേരിൽ നേതാക്കൾ തമ്മിൽ വാക്പോര് നടന്നു.
പഴകുളം മധുവാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും മിണ്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കേസുകളില്‍നിന്ന് പിണറായി വിജയന് രക്ഷപ്പെടാനുള്ള തന്ത്രമാണിത്. സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നിരിക്കുന്നു. കേന്ദ്രം, സംസ്ഥാനത്തിന് 57,600 കോടി നല്‍കാനുണ്ടെന്ന ആരോപണം തെറ്റാണ്. വികസന മേഖല സ്തംഭിച്ചു. യു.ഡി.എഫ് കൊണ്ടുവന്ന കോന്നി മെഡിക്കല്‍ കോളജിനെ തഴഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സംവിധാനം പോലുമില്ല. സര്‍ക്കാര്‍ പരിപാടിയില്‍ സ്ഥാനാര്‍ഥിയായ തോമസ് ഐസക് പങ്കെടുക്കുന്നു. കുടുംബശ്രീ യോഗങ്ങളില്‍ പങ്കെടുത്ത് വോട്ട് അഭ്യര്‍ഥിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് കള്ളവോട്ട് നടത്താനുള്ള നീക്കത്തിലാണ്. ഇ.വി.എം മെഷീനില്‍ തിരിമറി നടത്തി വോട്ട് തിരിക്കാന്‍ നീക്കം നടക്കുന്നുവെന്നും മധു ആരോപിച്ചു. കാട്ടുമൃഗങ്ങളുടെ ആക്രമണം, സംസ്ഥാന വിഹിതം നേടിയെടുക്കല്‍, പ്രളയം, കോവിഡ് ധനസഹായങ്ങള്‍ എന്നീ വിഷയങ്ങളില്‍ 18 എം.പിമാരും കേരളത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് രാജു എബ്രഹാം ആരോപിച്ചു. മിണ്ടിയത് എല്‍.ഡി.എഫ് എം.പിമാരായ ആരിഫും തോമസ് ചാഴികാടനും മാത്രം. വിദേശത്തുനിന്നും ധനസഹായം തേടാനുള്ള ശ്രമം ആന്റോ ആന്റണി എം.പി എതിര്‍ത്തു. കോന്നി മെഡിക്കല്‍ കോളജിന് 350 കോടിനല്‍കി. പുനലൂര്‍-പൊന്‍കുന്നം പാതക്ക് 734 കോടി, ശബരിമലക്ക് 564 കോടി. എന്നാൽ ആന്റോ ആന്റണി നടപ്പാക്കിയത് പൊക്കവിളക്കും വെയിറ്റിങ് ഷെഡുകളും മാത്രമാണെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.
പെൻഷന് അടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് അനുവദിച്ച കേന്ദ്രവിഹിതം കേരളം വകമാറ്റി ചെലവഴിച്ചെന്ന് പ്രദീപ് അയിരൂര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് വിഹിതം വർധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ ഉറപ്പ് പദ്ധതിക്കായി ഒന്നും ചെയ്യുന്നില്ല.വികസനം എന്നത് കഴിഞ്ഞ 15 വര്‍ഷമായി പത്തനംതിട്ട അറിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നിരവധി വികസനം നടത്തിയെന്ന എല്‍.ഡി.എഫ് വാദം പൊള്ളയാണ്. കോഴഞ്ചേരി പാലം, റാന്നി പാലം, കോമളം പാലം, പത്തനംതിട്ട അബാന്‍ മേല്‍പാലം എന്നിവയുടെ പണി ഒന്നുമായിട്ടില്ല. പത്തനംതിട്ടയില്‍ നടക്കുന്ന ജനറല്‍ ആശുപത്രി വികസനം കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. കേന്ദ്രം നല്കിയ പണം ഉപയോഗിച്ചാണെങ്കിലും അത് സ്വന്തമാക്കി ജനങ്ങളെ ഇടത് സര്‍ക്കാര്‍ വഞ്ചിക്കുന്നു. രാജ്യത്ത് പൗരാവകാശങ്ങള്‍ ഹനിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നും സിക്ക് വംശജരെ കൂട്ടക്കൊല ചെയ്തത് ചൂണ്ടിക്കാട്ടി പ്രദീപ് പറഞ്ഞു. പക്ഷേ സ്വത്തെല്ലാം മുസ്ലിംകൾക്ക് കൊടുക്കുമെന്ന പ്രധാന മന്ത്രിയുടെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിൽനിന്ന് വ്യക്തമായ മറുപടി നൽകാതെ പ്രദീപ് ഒഴിഞ്ഞുമാറി.
ഇടതുമുന്നണി സ്ഥാനാർഥി തോമസ് ഐസകിന്റെ വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ പേരിൽ സംവാദത്തിൽ പോരടിച്ച് നേതാക്കൾ. എമിഗ്രേഷന്‍ കോണ്‍ക്ലേവിന്റെ മറവില്‍ തോമസ് ഐസക് പ്രഖ്യാപിച്ച തൊഴില്‍ ദാനം തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള തട്ടിപ്പാണെന്ന് പഴകുളം മധു ആരോപിച്ചു.
വിവിധ കമ്പനികളും റിക്രൂട്ട്മെന്റ് ഏജന്‍സികളും ഇറക്കിയ തൊഴില്‍ അവസര പരസ്യങ്ങള്‍ സ്വരൂപിച്ച് ജനങ്ങളുടെ മുന്നില്‍ അവസരങ്ങള്‍ ചൂണ്ടിക്കാട്ടി കബളിപ്പിക്കാനുള്ള ശ്രമമാണ് ഐസക് നടത്തിയത്. എന്നാൽ, കോണ്‍ക്ലേവിലൂടെ ജില്ലയില്‍ തൊഴിലിനായി 50,000 പേര് രജിസ്റ്റര്‍ ചെയ്തുവെന്നും അതില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്തവരില്‍ ഒമ്പത് പേര്‍ക്ക് ഇതിനകം വിദേശത്ത് തൊഴില്‍ ലഭിച്ചുകഴിഞ്ഞുവെന്നും രാജു എബ്രഹാം തിരിച്ചടിച്ചു. സംവാദത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബിജു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.