മണ്ണ് കടത്ത്, ലൈഫ് മിഷനിൽ കൗൺസിലർക്ക് വീട്; പത്തനംതിട്ട നഗരസഭ കൗൺസിലിൽ കൈയാങ്കളി

പത്തനംതിട്ട: നഗരത്തിൽ അനധികൃത മണ്ണുകടത്ത്, ലൈഫ് മിഷൻ പദ്ധതിയിൽ കൗൺസിലർക്ക് വീട് വിഷയങ്ങളെച്ചൊല്ലി നഗരസഭ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ബഹളം. ബഹളം ഒടുവിൽ അംഗങ്ങൾ തമ്മിലെ കൈയാങ്കളിയിലെത്തി. ഇതിനിടെ അംഗങ്ങൾ മൈക്ക്, ഫർണിച്ചറുകൾ എന്നിവ മറിച്ചിടുകയും ചെയ്തു. അംഗങ്ങൾ തമ്മിൽ ഉന്തുംതള്ളും നടന്നു. നഗരത്തിന്റെ പലഭാഗത്തും നിയമ വിരുദ്ധമായും അനുമതിയില്ലാതെയും നടത്തുന്ന പാറ ഖനനം, മണ്ണുകടത്ത്, എൽ.ഡി.എഫ് കൗൺസിലർക്ക് ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെക്കാൻ നഗരസഭ ഫണ്ട് നൽകിയത് എന്നീ വിഷയങ്ങളെ ചൊല്ലിയാണ് കൗൺസിൽ സംഘർഷഭരിതമായത്.

വിവിധ അജണ്ടകൾ ചർച്ച ചെയ്യാനാണ് കൗൺസിൽ ചേർന്നത്. നഗരസഭയിലെ ഒരു സി.പി.എം കൗൺസിലറുടെ ഭാര്യക്ക് പാവങ്ങൾക്കുള്ള പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ വീട് നിർമാണത്തിന് ഫണ്ട് അനുവദിച്ചെന്നും ഇവർ നിർമിക്കുന്നത് 1800 ചതുരശ്രയടി വിസ്തീർണമുള്ള വീടാണെന്നും ആദ്യ ഗഡു വാങ്ങി പണി നടക്കുന്നതായും കാണിച്ച് കഴിഞ്ഞ ദിവസം നഗരസഭയിലെ മുഴുവൻ കൗൺസിലർമാർക്കും അജഞാത കേന്ദ്രത്തിൽനിന്ന് കത്ത് ലഭിച്ചിരുന്നു. കത്തിന് പിന്നിൽ എൽ.ഡി.എഫിലെ തന്നെ ചില കൗൺസിലർമാരാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. അഴിമതി വിഷയങ്ങൾ ആദ്യം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി ആവശ്യപ്പെട്ടതോടെ കൗൺസിലിൽ ബഹളം തുടങ്ങി. യു.ഡി.എഫ് കൗൺസിലർമാർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകാതെ എൽ.ഡി.എഫ് അംഗങ്ങൾ ബഹളംകൂട്ടി. എൽ.ഡി.എഫ് കൗൺസിലർമാരായ വി.ആർ. ജോൺസണും സുമേഷ് കുമാറും ചർച്ച തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ പ്രതിപക്ഷത്തുനിന്ന് ബഹളം തുടങ്ങി.

തുടർന്ന് അഴിമതി ഭരണം തുലയട്ടെയെന്ന ബാനറും ഉയർത്തി യു.ഡി.എഫ് അംഗങ്ങൾ ചെയർമാന്‍റെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. ഇതിനിടെ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമായി. ചിലർ കസേരകൾ മറിച്ചിട്ടു. ബഹളത്തിനിടെ എല്ലാ അജണ്ടയും പാസായതായി പ്രഖ്യാപിച്ച് നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ ചേംബർ വിട്ടു.

നഗരത്തിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി നഗരസഭ കവാടത്തിലെത്തി. ഡിവൈ.എസ്.പി നന്ദകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് മാർച്ച് തടഞ്ഞു.

വീടുകൾ അനുവദിച്ച പി.എം.എ.വൈ പദ്ധതിയിലെ ഫയലുകൾ കാണണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ യു.ഡി.എഫ് കൗൺസിൽ അംഗങ്ങൾ നഗരസഭ സെക്രട്ടറി ഷെർള ബീഗത്തെ ഉപരോധിച്ചു. ലൈഫ് മിഷന്‍റെ ഫയൽ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥ അവധിയായതിനാൽ തിങ്കളാഴ്ച ഫയൽ കാണിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.

അഡ്വ. എ. സുരേഷ് കുമാർ, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ, എം.സി. ഷെറീഫ്, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, മേഴ്സി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം നടന്നത്. നഗരസഭ കവാടത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - fight in Pathanamthitta Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.