പത്തനംതിട്ട: അത്യുഷ്ണവും സൂര്യാതപവും പക്ഷികളുടെയും വളർത്തുമൃഗങ്ങളുടെയും ജീവനെടുക്കുന്നു. രണ്ടാഴ്ചക്കിടെ ജില്ലയിൽ സൂര്യാതപമേറ്റ് പത്തിലധികം പശുക്കൾ ചത്തു. വിവിധ ഭാഗങ്ങളിലായി 10 പശുക്കൾ ചത്തതായി ക്ഷീരവികസന വകുപ്പ് പറയുമ്പോൾ ആറെണ്ണത്തിന്റെ കണക്കാണ് മൃഗസംരക്ഷണ വകുപ്പിനുള്ളത്. വളർത്തുമൃഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും അവ സൂര്യാതപമേറ്റാണ് ചത്തതെന്ന് സ്ഥിരീകരിക്കാതെ കണക്കുകളിൽപെടുകയില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ പറയുന്നത്. പന്തളം, ആനിക്കാട്, നെടുമ്പ്രം പ്രദേശങ്ങളിലാണ് പശുക്കൾ ഏറെയും ചത്തത്. കോഴികളും താറാവുകളും ചൂട് താങ്ങാതെ ചാകുന്നുണ്ട്.
സങ്കരയിനത്തിൽപെട്ട പശുക്കൾക്ക് താങ്ങാവുന്നതിലുമധികമാണ് പകൽച്ചൂടിന്റെ കാഠിന്യമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തതും പ്രശ്നമാകുന്നുണ്ട്. പശുക്കളെ കുളിപ്പിക്കാൻ വെള്ളമില്ലാത്തത് ഉൾപ്പെടെ ബുദ്ധിമുട്ടും ഇവയുടെ ജീവൻ നഷ്ടമാകാൻ കാരണമായിട്ടുണ്ട്. പകൽ പശുക്കളെ പുരയിടങ്ങളിൽ കെട്ടിയിടുന്നതുമൂലം നേരിട്ട് സൂര്യാതപമേറ്റ് ജീവൻ നഷ്ടപ്പെടുകയാണ്.
വളർത്തു മൃഗങ്ങൾക്കോ പക്ഷികൾക്കോ സൂര്യാഘാതമേറ്റ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ അവയുടെ ജഡം നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. അതിരൂക്ഷമായ ചൂട് ജില്ലയുടെ പല ഭാഗങ്ങളിലും വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിനു കാരണമാകുന്ന സാഹചര്യത്തിൽ അത്തരം സംഭവങ്ങൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചു. ഉടമകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകണമെങ്കിൽ വെറ്ററിനറി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർബന്ധമാണ്. സംസ്ഥാനത്ത് ഇതുവരെ 300 പശുക്കളാണ് ചത്തത്. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വ്യക്തമാക്കിയിരുന്നു.
വളർത്തുമൃഗങ്ങളിൽ നിർജലീകരണം തടയുന്നതിനുള്ള പാൽ കറവയിലെ നഷ്ടം കുറക്കാനും തൊഴുത്തുകളിൽ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു. ധാതുലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർത്തു നൽകണം. കൂടാതെ ഫാൻ സജ്ജീകരിക്കുന്നതും മേൽക്കൂരക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കുകളോ വിരിക്കുന്നതും വള്ളിച്ചെടികൾ പടർത്തുന്നതും ചൂട് കുറയാനിടയാക്കും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുകയും വേണം.
ചൂട് കൂടിയതിനാൽ പാൽ കുറഞ്ഞ് ക്ഷീരമേഖലയും പ്രതിസന്ധിയിലാണ്. ജല ലഭ്യത കുറഞ്ഞതും തീറ്റപ്പുല്ലുകളുടെ ക്ഷാമവും പാലുൽപാദനത്തെ സാരമായി ബാധിച്ചു. ഗ്രാമങ്ങളിൽ പാൽ ഉൽപാദനം കാര്യമായി കുറഞ്ഞു.
പാൽ ശേഖരിക്കുന്ന സഹകരണ സംഘങ്ങളിൽ പാൽ വരവ് കുറഞ്ഞതായി ബന്ധപ്പെട്ടവർ പറയുന്നു. ഇതോടെ മിൽമയുടെ പാലിന് ആവശ്യക്കാർ വർധിച്ചു. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ കവറുകൾ മാർക്കറ്റിൽ എത്തിക്കാൻ മിൽമയും ബുദ്ധിമുട്ടുകയാണ്. കർഷകരിൽനിന്നുള്ള പാലിന്റെ വരവ് കുറഞ്ഞതാണ് ഇതിന് കാരണമെന്ന് മിൽമ അധികൃതർ പറയുന്നു. വരൾച്ച ബാധിത മേഖലകളിൽ ക്ഷീര വകുപ്പിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.