പത്തനംതിട്ട: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ മൂല്യനിർണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവെച്ചിട്ട് ആറുമാസം പിന്നിടുന്നു. പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഏപ്രിലിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുന്നത്. ഒന്നാം വർഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മുഴുവൻ ഫീസും സ്വീകരിച്ച് ഒക്ടോബർ ഒമ്പതിന് പരീക്ഷ ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങൾ മുമ്പേ നടന്ന മൂല്യനിർണയ ജോലിയുടെ പ്രതിഫലത്തിന് കാത്തിരിപ്പ് തുടരുകയാണ് അധ്യാപകർ.
സംസ്ഥാനത്തുടനീളം 80 ക്യാമ്പിലായി നടന്ന കേന്ദ്രീകൃത മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകാൻ ചെലവു വരുന്ന 30.4 കോടി രൂപയുടെ സ്ഥാനത്ത് 8.9 കോടി മാത്രമാണ് എല്ലാ ക്യാമ്പിലേക്കുമായി അനുവദിച്ചത്. ഇതിനാൽ 25 ശതമാനം അധ്യാപകർക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്.
അതേസമയം, ഹയർ സെക്കൻഡറി മൂല്യനിർണയത്തോടൊപ്പം നടന്ന എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിന്റെ മുഴുവൻ പ്രതിഫലവും അധ്യാപകർക്ക് അതതു സമയം വിതരണം ചെയ്തിട്ടുണ്ട്. ഹയർ സെക്കൻഡറി വിദ്യാർഥികളിൽനിന്നും ഉയർന്ന തോതിലുള്ള പരീക്ഷ ഫീസാണ് പിരിച്ചെടുക്കുന്നത്.
ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് യഥാക്രമം 240, 270 രൂപ വീതവും സേ പരീക്ഷക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപയുമാണ് പിരിച്ചെടുക്കുന്നത്. ഈ തുക ലഭ്യമാണെന്നിരിക്കെ ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തിൽ മാത്രം മാസങ്ങളായി തുടരുന്ന അന്യായമായ കാലതാമസം മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക പരീക്ഷാഫീസ് ഇല്ലാത്ത എസ്.എസ്.എൽ.സി പരീക്ഷ ജോലിക്കും മൂല്യനിർണയത്തിനും സമയബന്ധിതമായി പ്രതിഫലം ലഭ്യമാക്കുന്ന സാഹചര്യമുള്ളപ്പോഴാണ് ഹയർ സെക്കൻഡറി മേഖലയോട് അവഗണന.
പ്രതിഫലത്തുക അടിയന്തരമായി അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്.എച്ച്.എസ്.ടി.എ) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 29ന് ജില്ല കേന്ദ്രങ്ങളിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.