കൊടുമൺ: എഴംകുളം -കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്തെ തർക്കസ്ഥലത്ത് പണികൾ ആരംഭിച്ചത് വീണ്ടും സംഘർഷത്തിന് ഇടയാക്കി.
തർക്കസ്ഥലത്തെ ഓടനിർമാണം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ്ചെയ്തുനീക്കി. തർക്കം പരിഹരിക്കാതെയും ഓടയുടെ വളവ് മാറ്റാതെയും പണികൾ തുടങ്ങിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. പണികൾക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ എത്തിയത് സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഇടയാക്കി.
മന്ത്രി വീണജോർജിന്റെ ഭർത്താവ് ജോർജ്ജോസഫിന്റെ കെട്ടിടത്തിന് മുമ്പിലെ തർക്കത്തിലുള്ള ഓടയുടെ പണികൾ ഒഴിച്ച് ബാക്കി ഭാഗത്തെ പണികൾ നടത്താനാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇതിന് വിപരീതമായി വെള്ളിയാഴ്ച രാവിലെ തർക്കസ്ഥലത്ത് പണികൾ ആരംഭിച്ചതാണ് വീണ്ടും സംഘർഷത്തിന് ഇടയാക്കിയത്.
ഇവിടെ ഓടയുടെ അലൈൻമെന്റ് മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേരത്തേ സ്ഥാപിച്ച കൊടി പൊലീസ് എടുത്തുമാറ്റുകയും പണികൾ പുനരാഭിക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തിയത്. പണി തടഞ്ഞാൽ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞെങ്കിലും നേതാക്കൾ പ്രതിഷേധം ശക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. ഓടയുടെ അലൈൻമെന്റ് മാറ്റി പണികൾ നടത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. ഈ സമയം ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരും സ്ഥലത്ത് എത്തി. കോൺഗ്രസ് വികസനത്തിന് എതിര് നിൽക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഓട നിർമാണത്തിൽ തർക്കം നിലനിൽക്കുന്ന ഭാഗം വെള്ളിയാഴ്ച കേരള റോഡ് ഫണ്ട് (കെ.ആർ.എഫ്.ബി) ചീഫ് എൻജിനീയർ സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ആരും എത്തിയില്ല. ഇതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗതീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കുമെന്നറിയിച്ചത്.
കോൺഗ്രസ് േബ്ലാക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ, എ.ജി. ശ്രീകുമാർ, എ. വിജയൻ നായർ, ബിജു ഫിലിപ്പ് , അജികുമാർ രണ്ടാംകുറ്റി, ജിതേഷ് കുമാർ, മൂല്ലൂർ സുരേഷ്, ജോസ് പള്ളിവാതുക്കൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വിട്ടയച്ചു.
കൊടുമൺ: വിവാദത്തിലായ ഓടനിർമാണത്തെ ചൊല്ലി സി.പി.എമ്മിലുണ്ടായത് കടുത്ത ഭിന്നത. ഓടയുടെ അലൈന്റ്മെന്റ് മാറ്റിയതിനെ എതിർത്തും മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിനെ പരസ്യമായി വിമർശിച്ചും രംഗത്തു വന്ന സി.പി.എം ജില്ല കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ പാർട്ടി നടപടി ഭയന്ന് പിന്നീട് നിലപാട് മാറ്റി. ശ്രീധരന് നടത്തിയ പരസ്യ പ്രസ്താവനയെ തുടര്‍ന്നാണ് കോൺഗ്രസ് സമരം ശക്തമാക്കിയത്. നിലവിൽ പണി നടത്തുന്ന അലൈന്മെന്റില് അപാകതയുണ്ടെങ്കില്‍ മാറ്റിയെടുക്കണമെന്നും റോഡിന്റെ വീതി മറ്റുസ്ഥലങ്ങളിലെപ്പോലെ വേണമെന്നും മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓടയുടെ വളവ് ഒഴിവാക്കണമെന്നുമായിരുന്നു കോൺഗ്രസിന്റെയും, ബി.ജെ.പിയുടെയും ആവശ്യം. ഇതുപരിഗണിക്കാതെ ഓട വളച്ചുതന്നെ പണിയാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫാണ് ആദ്യം പരാതി നൽകിയത്. പിന്നീട് കോൺഗ്രസും പരാതിയുമായി എത്തിയിരുന്നു
കൊടുമൺ: നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10ന് കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്ത് ഓട നിർമാണം നടക്കുന്ന സ്ഥലത്തേക്ക് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.