പത്തനംതിട്ട: ജില്ലയിലെ ആദ്യ ക്രിക്കറ്റ് അക്കാദമി കൊടുമണ്ണിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. കുട്ടികളിലെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തി രാജ്യാന്തരതല താരങ്ങളെ വളർത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ പി.എസ്. ശ്രീജിത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം.
ബി.സി.സി.ഐ ലെവൽ എ സർട്ടിഫൈഡ് പരിശീലകൻ പ്രതീഷ് ഹരിദാസിന്റെ നേതൃത്വത്തിലാണ് പരിശീലനം. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങളാണ് ഇവിടെയുള്ളത്. നെറ്റ്സ് പരിശീലനത്തിനുള്ള സംവിധാനങ്ങൾ, ബൗളിങ് മെഷീൻ, വിഡിയോ അനാലിസിസ്, ഇൻഡോർ, ഔട്ട്ഡോർ നെറ്റ് പ്രാക്ടീസ് സൗകര്യങ്ങൾ ലഭ്യമാണ്. വ്യാഴം മുതൽ ഞായർ വരെ രണ്ടു ബാച്ചുകളിലായാണ് പരിശീലനം. ഞായറാഴ്ചകളിൽ ഫിറ്റ്നസ്, ഫീൽഡിങ്ങിനുള്ള പ്രത്യേക പരിശീലനം നൽകും.
അക്കാദമി ഉദ്ഘാടനം വെള്ളിയാഴ്ച രണ്ടിന് മുൻ ക്രിക്കറ്റ്താരം ടിനു യോഹന്നാനും ഇൻഡോർ നെറ്റ്സ് കോംപ്ലക്സ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിക്കും. ബൗളിങ് മെഷീൻ ക്രിക്കറ്റ്താരം അനീഷ് പി. രാജൻ, ഇൻഡോർ നെറ്റ്സ് ടർഫ് ഒന്ന് കെ.സി.എ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി സാജൻ കെ. വർഗീസ്, ടർഫ് രണ്ട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് ജോര്‍ജ് എന്നിവർ ഉദ്ഘാടനം ചെയ്യും.
ക്രിക്ക് ബഡ്സ് പെണ്‍കുട്ടികള്‍ക്കുള്ള ടീ ഷര്‍ട്ട് കേരള ക്രിക്കറ്റ് അക്കാദമി സീനിയർ വിമന്‍സ് കോച്ച് സോണിയാമോൾ പ്രകാശനം ചെയ്യും. വാര്‍ത്തസമ്മേളനത്തിൽ അക്കാദമി ഡയറക്ടര്‍മാരായ ഉത്തമൻ നായർ, അജിമോൻ, അശോക് കുമാർ, രാഹുൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.