കൊടുമൺ: ഇടത്തിട്ട സ്വദേശി ജോബി മാത്യുവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ഇടത്തിട്ടയിലെ വീടിനു സമീപം വെൽഡിങ് വർക്ക്ഷോപ് നടത്തിയിരുന്ന പുതുപ്പറമ്പിൽ ജോബി മാത്യുവിനെ (46) മേയ് 25ന് രാവിലെ വീടിനു സമീപം പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ജോബി വാടകക്ക് എടുത്തിരുന്ന കാർ സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആദ്യം കരുതിയത്.
ഗുരുതര പരിക്കേറ്റിരുന്ന ജോബി മാത്യുവിനെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഡോക്ർമാർ നടത്തിയ പരിശോധനയിൽ ചെവിക്ക് പിറകിൽ കണ്ടെത്തിയ മുറിവാണ് മരണത്തിൽ അസ്വഭാവികത നിറച്ചത്. വിശദമായ പരിശോധനയിൽ ഇത് അപകടത്തിൽ സംഭവിക്കാവുന്ന മുറിവല്ലെന്നു പിന്നീട് വ്യക്തമായി.
മരണത്തിൽ സംശയമുണ്ടായതോടെ കൂടുതൽ അന്വേഷണങ്ങളിലേക്ക് കൊടുമൺ പൊലീസ് നീങ്ങുകയായിരുന്നു. സംഭവസ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് മറ്റൊരു കാർ ഇതേസമയം സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ബോധ്യപ്പെട്ടത്.
ആ കാറിലെ യാത്രക്കാരൻ ജോബിയുമായി തർക്കിക്കുന്നതും പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, കാർ ഏതെന്നു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചുവന്ന നിറത്തിലുള്ള കാർ ആണെന്ന സംശയവുമുണ്ട്. സമീപങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.