കൊടുമൺ: ജില്ല സ്കൂൾ കായിക മേള 17, 18, 19 തീയതികളിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. മുൻ വർഷങ്ങളിൽ പത്തനംതിട്ട, തിരുവല്ല സ്റ്റേഡിയങ്ങളായിരുന്നു വേദികളായത്. ഇത്തവണ കായികമേള നടത്താൻ രണ്ട് സ്റ്റേഡിയവും അനുയോജ്യമല്ലെന്നാണ് വിലയിരുത്തൽ. ഗ്രൗണ്ടിലെ വെള്ളക്കെട്ടും ചളിയുമാണ് പ്രധാന പ്രശ്നം.
കോവിഡിൽ മുടങ്ങിയ കായികമേള ഇത്തവണ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ പുനരാരംഭിക്കുമ്പോൾ ചില പുതുമകളുമുണ്ട്. ട്രാക്കിലെ മത്സരങ്ങളിൽ മുന്നിലെത്തുന്നവരാണ് മുൻ വർഷങ്ങളിൽ താരങ്ങളായതെങ്കിൽ ഇത്തവണ സമയമാണ് വിജയികളെ നിർണയിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷിങ് പോയന്റ് കടക്കുന്നയാൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. സമയം അടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കാൻ അഞ്ച് ഒഫിഷ്യലുകൾ ഗ്രൗണ്ടിലുണ്ടാകും.
ട്രാക്ക് കുറവെങ്കിലും മികച്ച സൗകര്യം കൊടുമണ്ണിലുണ്ട്. അഞ്ച് സിന്തറ്റിക് ട്രാക്കുകൾ മാത്രമാണ് കൊടുമൺ സ്റ്റേഡിയത്തിനുള്ളത്. ട്രാക്കുകളുടെ കുറവ് മത്സരത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ, ഇത് മത്സരങ്ങളെ ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു.
സംസ്ഥാന സ്കൂൾ കായികമേള വിദഗ്ധ സമിതിയുടെ നിർദേശം അംഗീകരിച്ചാകും ക്രമീകരിക്കുക. ത്രോ ഇനങ്ങൾക്ക് സുരക്ഷക്കായി പ്രത്യേകം നെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ സിന്തറ്റിക് ട്രാക്കുള്ള പബ്ലിക് സ്റ്റേഡിയം കൊടുമണ്ണിൽ മാത്രമാണ്. മഴ പെയ്താൽ വേഗത്തിൽ വെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന ഡ്രെയിനേജ് സംവിധാനം സ്റ്റേഡിയത്തിനുണ്ട്. സംഘാടക സമിതി യോഗം ഒമ്പതിന് രാവിലെ 11ന് കൊടുമൺ ഹൈസ്കൂളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.