കൊടുമൺ: ഐക്കാട് ചിരണിക്കൽ കോളനിയിൽ താമസിക്കുന്ന വീട്ടമ്മയെയും മക്കളെയും ആക്രമിച്ച പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ ചിറ്റയം ഗോപകുമാർ എം.എൽ.എ കൊടുമൺ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെ പത്തരയോെടയാണ് നാടകീയ സംഭവങ്ങൾ. കൊടുമൺ ഐക്കാട് ചിരണിക്കൽ കോളനിയിൽ പുഷ്പലതയെയും രണ്ട് മക്കളെയും ഭർത്താവ് അജു മദ്യപിച്ച് വീട്ടിലെത്തി ആക്രമിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വീടിെൻറ ഗ്ലാസ് ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. പുഷ്പലതയും മക്കളും കൊടുമൺ പൊലീസ് സ്റ്റേഷനിൽ രാത്രി എട്ടര മണിമുതൽ പത്ത് വരെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല.
പത്തരക്ക് ശേഷം പ്രതിയായ അജു മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ അഡീഷനൽ എസ്.ഐ സുരേന്ദ്രനും ഡ്രൈവറും സ്ഥലത്ത് എത്തുകയും കൂടിയിരുന്ന ആളുകളോട് കയർക്കുകയും പുഷ്പലതയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൊടുമൺ എസ്.ഐ അനൂപ് സ്ഥലത്ത് എത്തി കൂടിനിന്ന ആളുകളെ അസഭ്യം പറയുകയും അജുവിനെ ജീപ്പിൽ കയറ്റി സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയി വിടുകയും ചെയ്തു.
സംഭവമറിഞ്ഞ ചിറ്റയം ഗോപകുമാർ അടൂർ ഡി.വൈ.എസ്.പിയെ വിളിച്ച് നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒമ്പതരയായിട്ടും പൊലീസ് ചെല്ലുകയോ മൊഴി എടുക്കുകയോ ചെയ്തില്ല. ഇതറിഞ്ഞ എം.എൽ.എ സ്ഥലം സന്ദർശിക്കുകയും പുഷ്പലതയെയും മക്കളെയും പ്രദേശവാസികളെയും കൂട്ടി സ്റ്റേഷനിൽ എത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കുത്തി ഇരിക്കുകയുമായിരുന്നു.
പുഷ്പലതയെയും മക്കളെയും അധിക്ഷേപിച്ച എസ്.ഐ അനൂപിനും അഡീഷനൽ എസ്.ഐ സുരേന്ദ്രനും ജീപ്പ് ഡ്രൈവർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.11 ഓടെ അടൂർ ഡി.വൈ.എസ്.പി എത്തി പുഷ്പലതയുടെയും മക്കളുടെയും മൊഴിയെടുത്തു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് ഉറപ്പ് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് എം.എൽ.എ സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് സൂപ്രണ്ടിനും എം.എൽ.എ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.