കൊടുമൺ: പ്രതിഷേധം അവഗണിച്ച് ആരോഗ്യമന്ത്രി വീണാജോർജിന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫിന്റെ കൊടുമണ്ണിലെ കെട്ടിടത്തിന് മുന്നിലെ തർക്കസ്ഥലത്ത് ഓട നിർമാണം ദ്രുതഗതിയിൽ നടക്കുന്നു.
പ്രതിഷേധങ്ങൾ അടിച്ചമർത്താൻ നിർമാണ സ്ഥലത്ത് വെള്ളി, ശനി ദിവസങ്ങളിലായി കൂടുതൽ പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്.
പ്രശ്നം രമ്യമായി പരിഹരിക്കാൻ സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയിൽ തർക്ക സ്ഥലം ഒഴിവാക്കി പണികൾ നടത്താൻ തീരുമാനിച്ചതാണ്. തൊട്ടടുത്ത ദിവസമാണ് തീരുമാനം ലംഘിച്ച് വിവാദസ്ഥലത്ത് പൊലിസിനെ നിർത്തി പണികൾ തുടങ്ങിയത്. ഈ ഭാഗത്തെ പണികൾ വേഗം തീർക്കാൻ കരാറുകാർക്ക് മേൽ സർക്കാലതല സമ്മർദ്ദമുണ്ടായതായി സൂചനകളുണ്ട്.
മന്ത്രി ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓടയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എത്രയും വേഗം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ മൂന്നു തവണയാണ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്. പിന്നീടാണ് ചർച്ചനടത്താൻ പോലും മന്ത്രി തയാറായത്. ഇതിന് ശേഷമാണ് ഡെപ്യൂട്ടി സ്പീക്കർ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ പ്രതിഷേധം അവഗണിച്ച് ഇങ്ങനെയൊരു അട്ടിമറി ഡെപ്യൂട്ടി സ്പീക്കറും പ്രതീക്ഷിച്ചില്ല. വെളളിയാഴ്ച സ്ഥലം പരിശോധിക്കുമെന്ന് അറിയിച്ചിരുന്ന കെ.ആർ. എഫ്. ബി ചീഫ് എൻജിനീയർ അടങ്ങിയ ഉദ്യോഗസ്ഥരും എത്തിയില്ല. മന്ത്രിതലത്തിൽ ഇടപെടൽ നടന്നതാണ് തീരുമാനങ്ങൾ അട്ടിമറിക്കാൻ ഇടയായതെന്നും സംശയിക്കുന്നു.
മന്ത്രി വീണാ ജോർജും ചിറ്റയം ഗോപകുമാറും തമ്മിൽ മുമ്പ് ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് ഇവർ നീരസത്തിലായിരുന്നു. ഓടയുടെ അലൈൻമെൻറ് മാറ്റിയതിൽ പ്രദേശിക സി.പി.ഐ നേതൃത്വത്തിനും കടുത്ത എതിർപ്പുണ്ട്.
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ കെ.കെ ശ്രീധരനും ഗതിമാറ്റി ഓട പണിയുന്നതിൽ പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളേക്കാൾ പാർട്ടി നേതൃത്വമാണ് പ്രതിഷേധിച്ചത്. എന്നാൽ ജില്ല നേതൃത്വം ഇടപെട്ട് ശ്രീധരനെ അനുനയിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.