കൊടുമൺ: ചന്ദനപ്പള്ളിയിൽ മോഷണസംഭവം വർധിക്കുന്നു. കഴിഞ്ഞ രാത്രി ചന്ദനപ്പള്ളി മഠം ജങ്ഷനിൽ പാക്കണ്ടത്തിൽ വർഗീസ് ഡാനിയേലിന്റെ അപ്പു സ്റ്റോഴ്സിൽ മോഷണം നടന്നു. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് മൂന്ന് ചാക്ക് അരി, നെയ്യ്, വെളിച്ചെണ്ണ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവയും 3000ത്തോളം രൂപയും മോഷ്ടിച്ചു. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. കൊടുമൺ പൊലീസിൽ പരാതി നൽകി. ചന്ദനപ്പള്ളി പ്രദേശത്ത് മോഷണം വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ആൾതാമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ചും മോഷണം നടക്കുന്നു. ചില വീടുകളിലെ മോട്ടോറുകളും കഴിഞ്ഞയാഴ്ച മോഷണം പോയി.
വീടുകളുടെ നിർമാണ സ്ഥലത്തുനിന്ന് ടാപ്പുകളും മറ്റും മോഷ്ടിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചക്ക് കുടമുക്ക് കാഞ്ഞിരവിളയിൽ നിർമലയുടെ വീട്ടിലും മോഷണം നടന്നു. നിർമല ജോലിക്ക് പോയ സമയം ഉച്ചക്കാണ് മോഷണം നടന്നത്. പിന്നിലെ കതക് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 15,000 രൂപ മോഷ്ടിച്ചു. കുടമുക്കിൽ മറ്റ് ചില വീടുകളിലും മോഷണശ്രമം നടന്നതായും ആളുകൾ ബഹളംവെച്ചതിനെ തുടർന്ന് മോഷ്ടാക്കൾ ഓടിപ്പോയതായും നാട്ടുകാർ പറഞ്ഞു. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.