കോന്നി: ഗവ. മെഡിക്കല്‍ കോളജിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജ് ജില്ലയുടെ വികസനത്തിന് വലിയ തോതില്‍ ഉപകരിക്കും. ഇവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 കോടി രൂപയാണ് 1,65,000 ചതുരശ്ര അടിയുള്ള ഈ അക്കാദമിക് ബ്ലോക്കിന് ചെലവഴിച്ചത്. ആശുപത്രിയുടെയും കോളജിന്റെയും അനുബന്ധമായി നിര്‍മിക്കേണ്ട മറ്റ് അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങളായ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, 450ഓളം കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവ ഒരുങ്ങുകയാണ്. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചത്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ്കുമാര്‍, പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ല പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ല പ്രസിഡന്റ് പി.എസ്. മോഹനന്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, രാജു എബ്രഹാം, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ് ചെറിയാന് പോളച്ചിറയ്ക്കല്‍, ജനതാദള്‍ എസ് ജില്ല പ്രസിഡന്റ് അലക്സ് കണ്ണമല, എൻ.സി.പി ജില്ല പ്രസിഡന്റ് ജിജി വട്ടശ്ശേരില്‍, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, കോണ്‍ഗ്രസ് എസ് ജില്ല പ്രസിഡന്റ് മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, ലോക് താന്ത്രിക് ജനതാദള്‍ ജില്ല പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി, എൻ.എച്ച്.എം ഡി.പി.എം എസ്. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. എ. ഷാജി, പി.ടി.എ പ്രസിഡന്റ് ജനിത വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യമേഖലയിലെ നേട്ടങ്ങളുടെ മധ്യത്തിലും സാംക്രമികരോഗങ്ങളുടെ തിരിച്ചുവരവ്, കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നാശവും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയെ ജനങ്ങൾ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സാംക്രമിക രോഗനിയന്ത്രണത്തിന് നിയോജകമണ്ഡലങ്ങളിൽ കുറഞ്ഞത് 10 കിടക്കകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കും. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളും തയാറാക്കും.
10 നിയോജകമണ്ഡലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകൾ പൂര്‍ത്തിയായി. 73 മണ്ഡലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. ഹെല്‍ത്ത് കെയര്‍ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യ പരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സേവനം നല്കി കേരളത്തെ ഒരു ഹെല്‍ത്ത് കെയർ ഹബാക്കി മാറ്റിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങൾ നടപ്പാക്കും.
ഇതിനു സഹായകമായ കെയര്‍ പോളിസി രൂപവത്കരിക്കാനും നടപ്പാക്കാനും അതിനായി സൗകര്യങ്ങൾ ഒരുക്കാനുമുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യം യഥാക്രമം പരിശോധിച്ച് രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കാനും അവ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾ മുന്‍കൂട്ടി നടത്താനും സഹായിക്കുന്ന പ്രത്യേക വാര്‍ഷിക പരിശോധന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശൈലി എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ 30 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളെയും വര്‍ഷത്തിലൊരിക്കലെങ്കിലും സ്ക്രീൻ ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയത്. അങ്ങനെ രക്തസമ്മര്‍ദം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും. ജീവിതശൈലീ രോഗങ്ങളുടെ പ്രത്യേക രജിസ്ട്രി തയാറാക്കും. മാർച്ച് വരെ 70 ലക്ഷം ആളുകളാണ് സ്ക്രീനിങ്ങിന് വിധേയരായത്. വാര്‍ഷിക പരിശോധനക്ക് വിധേയരാകുന്ന 30 വയസ്സിനു മുകളിലുള്ളവരില്‍ അർബുദം സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന് കാന്‍സര്‍ റിസര്‍ച് സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരളത്തിലെ ആശുപത്രികളെ ബന്ധിപ്പിച്ച് കാന്‍സര്‍ ഗ്രിഡ് സംവിധാനം ഒരുക്കാനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്.
അതോടൊപ്പം ഇ-ഹെല്‍ത്ത് മുഖേന ഒരു കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ഹബ് ആന്‍ഡ് സ്പോക് മാതൃകയില്‍ ബന്ധപ്പെടുത്തുന്നതുവഴി ഗുണനിലവാരവും ആധുനിക പരിശോധന സംവിധാനങ്ങളും ഉറപ്പാക്കും.
ലാബ് ശൃംഖലകള്‍ വഴി കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് പരിശോധനകള്‍ നടത്താം. നിലവില്‍ എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇത് ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാന്ത്വന പരിചരണ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഈ രംഗത്ത് ഏകീകൃത സംവിധാനം കൊണ്ടുവരുകയാണ്.
കിടപ്പുരോഗികളുടെയും ദീര്‍ഘകാലമായി രോഗമുള്ള വയോജനങ്ങളുടെയും രജിസ്ട്രി തയാറാക്കി സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കും. മെഡിക്കല്‍ കോളജുകളിലും പാലിയേറ്റിവ് കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങും. കോന്നിയിലും ഇത്തരം സൗകര്യങ്ങള്‍ ഒരുങ്ങുകയാണ്.
അടുത്ത സാമ്പത്തിക വര്‍ഷം ആരോഗ്യ മേഖലക്ക് 2,228 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 196 കോടി രൂപ അധികമാണ്. 2016ല്‍ 665 കോടിയായിരുന്നു ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതം. ഏഴു വര്‍ഷംകൊണ്ട് നാലിരട്ടിയിലധികം വര്‍ധന. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ടാകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ല ആശുപത്രികളിലും അർബുദ ചികിത്സക്കുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാൻ രണ്ടരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാംക്രമികേതരരോഗ പദ്ധതിയുടെ പോര്‍ട്ടല്‍ വികസിപ്പിക്കാനും പദ്ധതി കൂടുതല്‍ വിപുലീകരിക്കാനും 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇ-ഹെല്‍ത്ത് പദ്ധതിക്കായി 30 കോടി രൂപയും കാരുണ്യ സുരക്ഷ പദ്ധതിക്ക് 575 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.