കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക് തിങ്കളാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും.
നാല് നിലയിലായി 1,65,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. വിവിധ വകുപ്പുകൾ, ക്ലാസ് മുറികൾ, ഹാളുകൾ, ലബോറട്ടറി, ലൈബ്രറി തുടങ്ങിയ സൗകര്യമുണ്ടാകും. അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, പത്തോളജി വകുപ്പുകൾ അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിക്കും. മൂന്ന് ലെക്ചർ ഹാളിൽ രണ്ടെണ്ണത്തിൽ 150 പേർക്കുവീതവും ഒന്നിൽ 200 പേർക്കും ഇരിക്കാൻ സൗകര്യമുണ്ടാകും. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു നിർമാണം. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡാണ് പ്രവർത്തിച്ചത്. 2020 സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് മെഡിക്കല്‍ കോളജ് ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്ത് മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
200 കിടക്കയുള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലയുളള ക്വാർട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയം, രണ്ടുനിലയുള്ള അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ആറു നിലയുള്ള വനിത ഹോസ്റ്റല്‍, അഞ്ച് നിലയുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മോര്‍ച്ചറി, ഓഡിറ്റോറിയം ഉള്‍പ്പെടെ നിർമാണങ്ങളാണ് രണ്ടാംഘട്ട ഭാഗമായി നടത്തുന്നത്. 200 കിടക്കയുള്ള പുതിയ ആശുപത്രി കെട്ടിടം കൂടി ഉയരുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജ് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.