സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് അനുവദിച്ച 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആശുപത്രിയില്‍ നടക്കുന്നത്. രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഈ വര്‍ഷം ഡിസംബറിനകം പൂര്‍ത്തിയാക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു
കോന്നി: കോന്നി മെഡിക്കല്‍ കോളജിന്റെ സുഗമമായ നടത്തിപ്പിന് ഓപ്പറേഷന് പ്ലാന്‍ തയ്യാറാക്കും. ആശുപത്രി വികസനസമിതി ചെയര്‍മാനും കലക്ടറുമായ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് ഹാളില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നിർദേശങ്ങളും ജീവനക്കാരുടെ ആവശ്യങ്ങളും ഉള്‍പ്പെടുത്തി 10 ദിവസത്തിനകം പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പലിനെ യോഗം ചുമതലപ്പെടുത്തി. നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും യോഗം തീരുമാനിച്ചു.
കൃത്യമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് അനുവദിച്ച 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആശുപത്രിയില്‍ നടക്കുന്നത്.
200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഓപ്പറേഷന് തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മോര്‍ച്ചറി, പ്രിന്‍സിപ്പല്‍, ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. ഏഴാമത്തെ നിലയുടെ നിര്‍മാണവും കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, ഇലക്ട്രിക്, പ്ലംബിങ് പ്രവൃത്തികളുമാണ് പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തോടെ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
പ്രിന്‍സിപ്പല്‍ ഓഫിസിന്റെയും നാലുനിലകളിലായി നിര്‍മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ടൈപ്പ് ബി ആന്‍ഡ് ഡി ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. ടൈപ്പ് എ ആന്‍ഡ് സി ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആഗസ്റ്റില്‍ പൂര്‍ത്തീയാകും. കെട്ടിടത്തിന്റെ പെയിന്റിങ്, പ്ലംബിങ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഓരോ ഫ്ലാറ്റ് സമുച്ചയത്തിലും 40 അപ്പാര്‍ട്ട്മെന്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫ്ലാറ്റ് സമുച്ചയങ്ങളിലെ അപ്പാര്‍ട്ട്മെന്റുകള്‍ പ്രത്യേകം വൈദ്യുതീകരിക്കുന്നതിന് പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച് നടപടികള്‍ വേഗത്തിലാക്കുന്നതിന് കെ.എസ്.ഇ.ബി അസി. എന്‍ജിനീയറെ ചുമതലപ്പെടുത്തി. നിര്‍മാണം പുരോഗമിക്കുന്ന മോര്‍ച്ചറിയുടെ പ്രവൃത്തി ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിക്കും. മോര്‍ച്ചറിയില്‍ സ്ഥാപിക്കുന്നതിനുള്ള പോസ്റ്റ്മോര്‍ട്ടം ടേബിള്‍, ഫ്രീസറുകള്‍ എന്നിവ കെ.എം.എസ്.സി.എല്‍ മുഖേന സ്ഥാപിക്കും. പ്രിന്‍സിപ്പലിനുള്ള ഡീന്‍ വില്ല ജൂണ്‍ അവസാനം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറും.
നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ലോണ്ട്രിയില് ആവശ്യമായ ഉപകരണങ്ങള്‍ കെ.എം.എസ്.സി.എല്‍ മുഖേന സ്ഥാപിക്കും. ഓഡിറ്റോറിയത്തിന്റെ നിര്‍മാണം ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. ചുറ്റുമതില്‍, ഗേറ്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. പുതിയ മൂന്ന് ഓപ്പറേഷന് തിയേറ്ററുകളുടെ പ്രവൃത്തി ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും.മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ലേബര്‍ റൂം, ലേബര്‍ വാര്‍ഡ് എന്നിവയുടെ നിര്‍മാണം ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും. സി.എസ്.ആർ ഫണ്ട് മുഖേന നിര്‍മിക്കുന്ന ഐ.സി.യുവിന്റെ നിര്‍മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകും.
രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഈ വര്‍ഷം ഡിസംബറിനകം പൂര്‍ത്തിയാക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്.എസ്. നിഷ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. ഷാജി, പി.ജെ. അജയകുമാര്‍, എസ്. സന്തോഷ് കുമാര്‍, നഴ്സിങ് സൂപ്രണ്ട് ഡി.എം. സില്‍വി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയര്‍ വി.കെ. ജാസ്മിന്, എച്ച്.എല്‍.എല്‍ പ്രൊജക്ട് മാനേജര്‍ രതീഷ്. കെ.ആര്, നിര്‍മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.