കോന്നി : വനം വകുപ്പിന് മികച്ച വരുമാനം ലഭിച്ചിരുന്ന അടവി - ഗവി ടൂർ പാക്കേജിൽ വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന ട്രാവലർ വാൻ ടെസ്റ്റിങിനായി കൊണ്ടുപോയിട്ട് തിരികെ ലഭിക്കാത്തത് ടൂർ പാക്കേജിനെ ബാധിക്കുന്നു. രണ്ട് ട്രാവലറുകൾ ആണ് ഗവി പാക്കേജിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ റീ ടെസ്റ്റ് നടത്തുന്നതിന്റെ ഭാഗമായി ഒരു വാഹനം കോന്നി ഇക്കോടൂറിസം സെന്ററിൽ നിന്നും മാറ്റിയിട്ട് എട്ട് മാസത്തിലേറെയായി. കോന്നി ഇക്കോ ടൂറിസം സെന്ററിലെ ഗവി പാക്കേജിന് ബദലായി ചില സ്വകാര്യ വ്യക്തികൾ നടത്തുന്ന വിനോദ സഞ്ചാര യാത്രകളും പദ്ധതിയെ പുറകോട്ടടിക്കുന്നതായി ആക്ഷേപമുണ്ട്.
റീ ടെസ്റ്റുമായി ബന്ധപ്പെട്ട ചീഫ് എൻജിനീയർ സാങ്കേതിക നടപടികൾ തീർക്കാൻ വൈകുന്നതാണ് റീ ടെസ്റ്റ് വൈകാൻ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഒന്നര ലക്ഷം രൂപയോളം ഇതിനായി ചെലവാകും എന്നാണ് കരുതുന്നത്. നിലവിലുള്ള വാഹനമാണ് ഇപ്പോൾ ടൂർ പാക്കേജിനായി ഉപയോഗിക്കുന്നത്. ഇതിന് തകരാർ സംഭവിച്ചാൽ മറ്റൊരു വാഹനം ഉപയോഗിക്കാൻ കഴിയില്ല.
റീ ടെസ്റ്റ് നടപടികൾ കഴിഞ്ഞ് വൈകാതെ വാഹനം എത്തുമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. പതിനാറ് പേരടങ്ങുന്ന യാത്രസംഘത്തിന് ഒരാൾക്ക് 1800 രൂപയും പത്ത് പേര് അടങ്ങുന്ന യാത്ര സംഘത്തിന് ഒരാൾക്ക് 1900 രൂപയുമാണ് ഈടാക്കുന്നത്. രാവിലെ ഏഴ് മണിക്ക് കോന്നി ഇക്കോ ടൂറിസം സെന്ററിൽ നിന്നും യാത്ര ആരംഭിക്കുന്ന സംഘം അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, വള്ളക്കടവ് വൈൽഡ് ലൈഫ് മ്യൂസിയം സന്ദർശനം എന്നിവ കൂടാതെ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരം ലഘു ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച ശേഷം തണ്ണിത്തോട് , ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി, കോരുത്തോട്, മുണ്ടക്കയം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ, വള്ളക്കടവ് വഴി ഗവിയിൽ എത്തും. ഗവിയിൽ നിന്നും തിരികെ വള്ളക്കടവ്, പരുന്തുംപാറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി കുമ്പഴ വഴി കോന്നിയിൽ എത്തുന്ന രീതിയിൽ ആണ് ടൂർ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.