കോന്നി: കലഞ്ഞൂർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധികളിൽ തുടർച്ചയായി പത്താം ദിവസവും വളർത്തുമൃഗങ്ങളുടെ നേരെ ഉണ്ടാകുന്ന പുലിയുടെ ആക്രമണം ജനത്തെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം അരുവാപ്പുലം ഊട്ടുപാറയിലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തത്. ആടിന്റെ ജഡം പകുതിയോളം ഭക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുലിയുടെ ആക്രമണത്തിലാണ് ആട് ചത്തതെന്ന് നാട്ടുകാർ ഉറപ്പിച്ച് പറയുമ്പോഴും വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടൽ ഇഞ്ചപ്പാറയിലായിരുന്നു ആദ്യം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൂട്ടമായെത്തിയ പുലികൾ മൂരിക്കിടാവിനെ കൊന്ന് ഭക്ഷിക്കുന്നത് ഉടമ നേരിൽ കാണുകയും തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് കൂട് സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പാക്കണ്ടത്തും പുലി ആടിനെ ആക്രമിച്ച് കൊന്നു. ഈ രണ്ടിടത്തും കാമറയും കൂടും സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. പിന്നീട് സംസ്ഥാനപാത മുറിച്ച് കടന്നുപോകുന്ന പുലിയെ നാട്ടുകാർ കണ്ടതായും പറയുന്നുണ്ട്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത് ഏറെയും വനമേഖലയോട് ചേർന്ന ജനവാസ മേഖലയാണ്.
ഈ ഭാഗത്തെ റബർ തോട്ടങ്ങളും സ്വകാര്യ വ്യക്തികളുടെ പറമ്പുകളും കാടുകയറി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇത് നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സ്വകാര്യ ഭൂവുടമകൾക്ക് കത്ത് നൽകി കാട് നീക്കം ചെയ്യണമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന സ്ഥലത്താണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. പുലിയുടെ ആക്രമണത്തിൽ ഈ പഞ്ചായത്തുകളിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവരും ഏറെയുണ്ട്. പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുമ്പോൾ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.