കോന്നി: കഷ്ടതകൾക്ക് നടുവിൽനിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതിരുന്ന ജയലക്ഷ്മി അർജുനന് സഹായവുമായി സി.പി.എം. അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജുനന്റെയും രമാദേവിയുടെയും മകളാണ് ജയലക്ഷ്മി.
കോളജിൽ അടക്കാനുള്ള നാലുലക്ഷം രൂപയും കണ്ടെത്തി നൽകുമെന്നും ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. പഠനം പൂർത്തിയാക്കാൻ 30 ലക്ഷം രൂപയോളം ചെലവുവരും. ബഹുജന പിന്തുണയോടെ പഠനച്ചെലവ് സി.പി.എം ഏറ്റെടുക്കുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
2021ൽ എൻട്രൻസ് നേടി പാലക്കാട് ദാസ് മെഡിക്കൽ കോളജിൽ ജയലക്ഷ്മിക്ക് അഡ്മിഷൻ ലഭിച്ചിരുന്നു. പലരോടും സഹായം അഭ്യർഥിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ കോളജിൽ ചേരാൻ കഴിഞ്ഞില്ല. തുടർന്നും വീട്ടിലിരുന്ന് പഠനം തുടർന്ന ജയലക്ഷ്മി ഈ വർഷവും 6797ആം റാങ്ക് വാങ്ങി. ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ അസർ മെഡിക്കൽ കോളജിൽ അഡ്മിഷനും ലഭിച്ചു. കോഴ്സിനു ചേരാൻ എൻട്രൻസ് കമീഷണറുടെ പേരിൽ മൂന്നുലക്ഷം രൂപയും കോളജിൽ ഫീസായി നാലുലക്ഷവും നൽകണം. തുക കണ്ടെത്താൻ നിരവധിയാളുകളോട് സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.
അവസാന ശ്രമമെന്ന നിലയിൽ ജയലക്ഷ്മി അമ്മയെയും കൂട്ടി ഫെബ്രുവരി ആറിന് കോന്നി എം.എൽ.എ ഓഫിസിലെത്തി അഡ്വ. കെ.യു. ജനീഷ് കുമാറിനെ വിവരം ധരിപ്പിച്ചു. കുട്ടിയുടെ പഠന പ്രതിസന്ധി മനസ്സിലാക്കിയ എം.എൽ.എ വിവരം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവിനെ അറിയിച്ചു. ഉടൻതന്നെ കെ.പി. ഉദയഭാനു ആവശ്യമായ എല്ലാ പിന്തുണയും കുട്ടിക്ക് പഠനത്തിനായി നൽകുമെന്നറിയിച്ചു. അഡ്മിഷനെടുക്കാൻ എല്ലാ സഹായവും നൽകുമെന്നും കോളജിലേക്ക് അഡ്മിഷനായി പോകാൻ തയാറാകാൻ കുട്ടിയെ അറിയിക്കാനും എം.എൽ.എയെ ചുമതലപ്പെടുത്തി. ഫെബ്രുവരി ഏഴിന് രാവിലെ 7.30ന് കെ.യു. ജനീഷ് കുമാർ എം.എൽ.എയെയും കൂട്ടി ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അരുവാപ്പുലത്തെ വീട്ടിലെത്തി.
എൻട്രൻസ് കമീഷണർക്ക് അയക്കുന്നതിനാവശ്യമായ മൂന്നുലക്ഷം രൂപ ജയലക്ഷ്മിക്ക് കൈമാറി. അഡ്മിഷൻ എടുക്കുന്നതിനായി എം.എൽ.എയുടെ എജു കെയർ പദ്ധതി കോഓഡിനേറ്റർ രാജേഷ് ആക്ലേത്ത് ജയലക്ഷ്മിയെയും മാതാപിതാക്കളെയും കൂട്ടി തൊടുപുഴയിലേക്ക് പോയി. രണ്ടു ദിവസത്തിനുള്ളിൽ അഡ്മിഷൻ നടപടി പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.