കോന്നി: പൂച്ചയും പട്ടിയും പണ്ടുമുതലേ ശത്രുക്കൾ എന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാൽ, ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിന് വളർത്തമ്മയാണ് സൂസി നായ. തണ്ണിത്തോട് പേരുവാലിയിൽ പ്രവർത്തിക്കുന്ന ആരണ്യകം ലഘുഭക്ഷണ ശാലയിലാണ് ഈ കാഴ്ച. മാസങ്ങൾക്ക് മുമ്പ് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നായാണ് സൂസി. പിന്നീട് ആരണ്യകത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ട് കഴിഞ്ഞു കൂടിയ ഈ നായ് പിന്നീട് ഇവിടെ നിന്നും എങ്ങോട്ടും പോയില്ല. ഇതിനോടൊപ്പം മറ്റൊരു നായും ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇതിനെ പിന്നീട് കാണാതാവുകയും ചെയ്തു. ഇതിന് ശേഷം ആരോ ഉപേക്ഷിച്ച നിലയിൽ ഒരു പൂച്ചക്കുഞ്ഞിനെയും ഇവിടെ കണ്ടെത്തി. പൂച്ചക്കുഞ്ഞിനെ സൂസി ഉപദ്രവിക്കും എന്നാണ് ആദ്യം ജീവനക്കാർ കരുതിയത്. എന്നാൽ, അമ്മയില്ലാത്ത പൂച്ചക്കുട്ടിയുടെ വളർത്തമ്മയായി മാറുകയായിരുന്നു സൂസി. തന്‍റെ കുഞ്ഞിനെ പോലെ പരിപാലിച്ചും പാൽ കൊടുത്തുമാണ് സൂസി പൂച്ചക്കുഞ്ഞിനെ വളർത്തിയത് എന്ന് ആരണ്യകത്തിലെ ജീവനക്കാർ പറയുന്നു. ഇരുവരും ഉറക്കം പോലും ഒന്നിച്ചാണ്. പൂച്ചക്കുട്ടിയെ പുറത്തുനിന്നും വരുന്നവർ തൊടാനോ ഉപദ്രവിക്കാനോ സൂസി സമ്മതിക്കാറില്ല. ആരണ്യകത്തിൽനിന്നും ലഭിക്കുന്ന ഭക്ഷണം ഇരുവരും ഒന്നിച്ചാണ് കഴിക്കുന്നത്. നായും പൂച്ചയും തമ്മിലുള്ള സൗഹൃദം ഇവിടെ എത്തുന്നവർ ശ്രദ്ധിച്ച് തുടങ്ങിയതോടെ ഒട്ടേറെ ആളുകൾ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എടുത്ത് മടങ്ങാറുണ്ട്. തെരുവ് നായ്ക്കൾ നാട്ടിൽ ഭീതി പരത്തുന്ന ഈ കാലഘട്ടത്തിൽ തികച്ചും വത്യസ്തമായ കാഴ്ചയായി മാറുകയാണ് ഈ അപൂർവ സൗഹൃദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.