കോന്നി: അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണം ഇഴയുന്നത് വിദ്യാർഥികളുടെ യാത്രാദുരിതം വർധിപ്പിക്കും. കോന്നി റീച്ചിൽ നിർമാണം വളരെ സാവധാനമാണ്. പലയിടത്തും കലുങ്ക് നിർമാണ ഭാഗമായി റോഡ് ഭാഗികമായി മാത്രമാണ് തുറന്നത്. ഓടകളുടെ നിർമാണ പ്രവർത്തനങ്ങളും പലയിടത്തും പൂർത്തിയാകാനുണ്ട്.
ഇതിനാൽ തന്നെ കോന്നി നഗരത്തിൽ അടക്കം പലപ്പോഴും രാവിലെ മുതൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളാറുണ്ട്. കോന്നിയിൽ പത്തിലധികം സ്കൂളുകളിലെയും പന്ത്രണ്ടോളം കോളജുകളിലെയും വിദ്യാർഥികളാണ് ഈ ഗതാഗത കുരുക്കിൽ അകപ്പെടാൻ പോകുന്നത്. ഇത് വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.
കോന്നി, കലഞ്ഞൂർ, വകയാർ, അരുവാപ്പുലം, പ്രമാടം എന്നിവിടങ്ങളിലൊക്കെയാണ് കോന്നിയിലെ വിദ്യാലയങ്ങൾ. നിർമാണം നടക്കുന്ന റോഡിലൂടെ സ്കൂൾ - കോളജ് ബസുകൾ അടക്കം ഇവിടേക്ക് എല്ലാം യാത്ര ചെയ്ത് എത്തണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണ്ടിവരും.
കൂടാതെ മഴ ശക്തമായതോടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ പലയിടത്തും ചളിയും വെള്ളവും നിറഞ്ഞ് യാത്ര ദുഷ്കരമായി.
വിദ്യാർഥികൾ മാത്രമല്ല സ്കൂൾ - കോളജ് ജീവനക്കാരും അധ്യാപകരും അടക്കം ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.