കോന്നി: കൂടൽ ബിവറേജസ് ഔട്ട്ലറ്റിൽനിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മാനേജർ കൃഷ്ണകുമാർ, എൽ.ഡി ക്ലർക്ക് അരവിന്ദ് എന്നിവരെയാണ് സസ്പെൻസ് ചെയ്തത്. കഴിഞ്ഞ ആറുമാസമായി ബാങ്കിൽ അടക്കാൻ കൊണ്ടുപോയ തുകയിൽനിന്ന് 81.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ എൽ.ഡി ക്ലർക്ക് അരവിന്ദിനെതിരെ കോർപറേഷന്റെ ജില്ലയിലെ ചുമതലയുള്ള വെയർ ഹൗസ് മാനേജർ കൂടൽ പൊലീസിൽ പരാതി നൽകി.
ഇതേ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 2023 ജൂൺ ഒന്നു മുതൽ 28 വരെ തുടർച്ചയായി തട്ടിപ്പ് നടത്തിയാണ് ഇത്രയധികം രൂപ ജീവനക്കാരൻ തട്ടിയെടുത്തതെന്ന് കൂടൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്രമക്കേട് നടന്നിട്ടും ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ പരിശോധിക്കാത്തതിൽ ദുരൂഹതയുണ്ട്. ബിവറേജസിലെ ഓഡിറ്റ് സംഘമാണ് വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഓഡിറ്റ് സംഘം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്. കൂടുതൽ ജീവനക്കാർക്കെതിതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.