കോന്നി: 50 വർഷത്തിലധികം പഴക്കമുള്ള കോന്നിയിലെ വനംവകുപ്പ് വെറ്ററിനറി ഓഫിസ് കെട്ടിടം ജീർണിച്ച് നിലംപൊത്താറായ നിലയിൽ. രണ്ട് മുറികൾ മാത്രമാണ് കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫീസിലുള്ളത്. ഷീറ്റ് പാകിയ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.
ഓഫീസിന് മുകളിൽ കൂടി കാട് പടലങ്ങൾ പടർന്ന് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും നവീകരിക്കാൻ നടപടിയില്ല. മഴക്കാലത്ത് നല്ല രീതിയിൽ ചോർച്ച അനുഭവപ്പെടും.
ഓഫീസ് പുനർ നിർമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപമാണ് വെറ്ററിനറി ഓഫീസ് പ്രവർത്തിക്കുന്നത്. കോന്നി ആനതാവളത്തിന് ഉൾപ്പെടെ പ്രയോജനം ചെയ്യുന്ന ഈ ഓഫീസിൽ കോന്നി വനം ഡിവിഷനിൽ അസ്വാഭാവിക നിലയിൽ ചാവുന്ന നിരവധി ജീവികളെയും കാട്ടാന അടക്കമുള്ളവയുടെ ജഡവും പോസ്റ്റ് മോർട്ടം നടത്തി വരുന്നുണ്ട്. വനംവുകപ്പിന്റെ ചീഫ് വെറ്ററിനറി ഓഫീസ് ആയിരുന്നു കോന്നിയിലേത്. കേരളത്തിൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോന്നിയിലെ ഓഫീസിൽ നിന്നും നേരിട്ടാണ് നടത്തിയിരുന്നത്.
എന്നാൽ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വനം മന്ത്രി കെ. രാജു കോന്നിയിലെ ചീഫ് വെറ്ററിനറി ഓഫീസിനെ അസി. വെറ്ററിനറി ഓഫീസാക്കി തരം താഴ്ത്തുകയുംത് പിന്നീട് മുത്തങ്ങയിലേക്ക് മാറ്റുകയും ചെയ്തു.
കോന്നിയിലേത് ഫോറസ്റ്റ് വെറ്ററിനറി ഓഫീസ് ആക്കി മാറ്റുകയും ചെയ്തു. കോന്നി വെറ്ററിനറി ഓഫീസിൽ കടുവകളുടെ അടക്കം പോസ്റ്റ്മോർട്ടം ഈ അടുത്ത കാലത്ത് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.