കോന്നി: കോന്നിയുടെ മലയോര മേഖലയിൽ കോലിഞ്ചിയുടെ വിളവെടുപ്പു കാലമാണിപ്പോൾ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കോലിഞ്ചിക്ക് വില ലഭിക്കുന്നത് കര്‍ഷകര്‍ക്കും ആശ്വാസമാണ്. തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, കൊക്കാത്തോട് തുടങ്ങിയ കോന്നിയുടെ മലയോര മേഖലയിൽ നിരവധി കോലിഞ്ചി കർഷകരാണുള്ളത്. പാകമായ കോലിഞ്ചി കിളച്ച് ഉണക്കി വിൽക്കുന്ന തിരക്കിലാണ് കർഷകർ. മഴ ആരംഭിച്ച് ജൂൺ, ജൂലൈയിലാണ് കോലിഞ്ചി കൃഷി ചെയ്യുന്നത്.
ഫെബ്രുവരി, മാർച്ചിലാണ് കോലിഞ്ചിയുടെ വിളവെടുപ്പുകാലമായി കണക്കാക്കുന്നത്. കൃഷി ചെയ്ത് മൂന്നാം വർഷമാണ് കോലിഞ്ചി വിളവെടുത്ത് തുടങ്ങുന്നത്. കോലിഞ്ചി കൃഷി ചെയ്യാൻ ചെലവ് കുറവാണെങ്കിലും പാകമായ കോലിഞ്ചി കിളച്ച് ചുരണ്ടി നല്ല വെയിലിൽ ഉണക്കിയെടുത്ത് പാകപ്പെടുത്തി വിൽപനക്ക് എത്തിക്കുമ്പോൾ ചെലവ് ഏറെയാണ്. വേര് ചെത്തി പുറംതൊലിയും വേരുകളും നീക്കം ചെയ്തതിന് ശേഷമാണ് വിൽപനക്ക് ഒരുക്കുന്നത്.
കുറഞ്ഞത് 10 ദിവസമെങ്കിലും നല്ല ചൂടുള്ള വെയിലിൽ ഉണക്കണം. ഇപ്പോൾ കിലോക്ക് പച്ചക്ക് 270 രൂപയും ഉണക്കലിന് 1200 രൂപയും വിലയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വനമേഖലയോട് ചേർന്ന തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളില്‍ കോലിഞ്ചി കര്‍ഷകര്‍ കൂടുതലായി ഉണ്ട്.
മലയോര ഗ്രാമങ്ങളിൽ വന മേഖലയോട് ചേർന്ന പാറപ്പുറങ്ങളിലും നല്ല വെയിൽ ലഭിക്കുന്ന വഴിയരികിലും ഒക്കെയാണ് കർഷകർ കോലിഞ്ചി ഉണക്കാൻ ഇടുന്നത്.
രൂക്ഷഗന്ധമുള്ളതിനാൽ കീടങ്ങളുടെയും വന്യമൃഗങ്ങളുടെയും ആക്രമണവും കോലിഞ്ചിക്ക് ഉണ്ടാകാറില്ല. ഒരു മീറ്റർ അകലത്തിൽ കുഴികൾ എടുത്താണ് വിത്തുകൾ നടുന്നത്. ഏഴ് അടിവരെ പൊക്കംവെക്കുകയും വേഗത്തിൽ പടരുകയും ചെയ്യുന്ന ഇഞ്ചിയുടെ വർഗത്തിൽപെട്ട ചെടിയാണ് കോലിഞ്ചി. മലഞ്ചരക്ക് വിഭാഗത്തിൽപെട്ട കോലിഞ്ചി ഉണ്ടാക്കിയാണ് വിറ്റഴിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും ഇതിന് നല്ല വില ലഭിക്കുന്നുണ്ട്. ഔഷധനിർമണത്തിനും സുഗന്ധ തൈല നിർമാണത്തിനുമാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.