കോന്നി: കോന്നിയുടെ പ്രധാന ആരോഗ്യകേന്ദ്രമായ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. കോന്നിയിൽ പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നിരവധി തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടക്കം ഒഴിവുകൾ കോന്നിയിൽ നികത്താനുണ്ട്.
സർജനും ഓർത്തോ വിഭാഗം ഡോക്ടറും ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ഉള്ളത്. 14 നഴ്സിങ് അസിസ്റ്റന്റ് വേണ്ട സ്ഥലത്ത് അഞ്ചുപേരെ മാത്രം നിയമിച്ചിരുന്നു. ഗ്രേഡ് 2 അറ്റൻഡർമാർ ഒമ്പത് പേർ മാത്രമേയുള്ളൂ. രാത്രി ഡ്യൂട്ടിക്കും ആളില്ല. രാത്രി രണ്ട് ഡോക്ടർമാർ വേണ്ടിടത്ത് ഒരു ഡോക്ടർ, രണ്ട് നഴ്സിങ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 എന്നിവരാണ് ജോലി ചെയ്യുന്നത്. രാത്രിയിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
400 കേസുകൾ വരെ ഒരു രാത്രിയിൽ വന്ന ദിവസങ്ങൾ ഉണ്ടെന്ന് പറയുന്നു. കൂടാതെ എക്സ്റേ, ഇ.സി.ജി എന്നിവ ഉച്ചക്ക് ഒന്നുവരെ മാത്രമേയുള്ളൂ. ഇതിന് ശേഷം വരുന്ന രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിൽ പോയി എക്സ്റേ എടുക്കണ്ടി വരും. എച്ച്.എം.സി ജീവനക്കാരും നാലുമണി വരെ മാത്രം. കോന്നിയുടെ ആസ്ഥാന ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. എന്നിട്ടും ഒരു നടപടിയും ഇല്ല.
സംസ്ഥാനപാതയുടെ നിർമാണ പ്രവർത്തനം പൂർത്തിയായ ശേഷം നിരവധി അപകടങ്ങളാണ് കോന്നിയിൽ നടക്കുന്നത്. വാഹനാപകടങ്ങളിൽപെടുന്നവർ, വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർ എന്നിവരെ അടക്കം കോന്നിയിലെ ഈ താലൂക്ക് ആശുപത്രിലാണ് എത്തിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ ബന്ധപ്പെട്ടവർ ഇനിയെങ്കിലും തയാറായില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനംതന്നെ അവതാളത്തിലാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.