നിക്ഷേപ തട്ടിപ്പ്​: പോപുലർ ഫിനാൻസ് ആസ്ഥാനത്ത്​ നോട്ടീസ് പതിച്ചു

കോന്നി: നിക്ഷേപ തട്ടിപ്പിനെത്തുടർന്ന് പോപുലർ ഫിനാൻസ് കോന്നി വകയാറിലെ ആസ്ഥാന ഓഫിസ് കെട്ടിടത്തിൽ കോടതി അറ്റാച്മെൻറ് നോട്ടീസ് പതിച്ചു.

അടൂർ ഗീതാഞ്ജലിയിൽ കെ.വി. സുരേഷ് പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസിനെത്തുടർന്നാണ് വകയാർ എട്ടാം കുറ്റിക്ക് സമീപത്തെ ആസ്ഥാന ഓഫിസ്​, എട്ടാംകുറ്റിയിലെ വകയാർ ലാബ് എൽ.എൽ.പി, പോപുലർ ​െട്രയ്​നിങ് ഇൻസ്​റ്റിറ്റ്യൂട്ട് എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നിൽ നോട്ടീസ് പതിച്ചത്.

പരാതികളുടെ അടിസ്ഥാനത്തിൽ 406, 420 വകുപ്പുകൾ ചേർത്താണ് പോപുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ എന്ന റോയി ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ എന്നിവരെ പ്രതി ചേർത്ത് 1740/2020 എന്ന നമ്പറിൽ കേസ് രജിസ്​റ്റർ ചെയ്​തത്​.

സംസ്ഥാനത്തുള്ളത്​ 350 ശാഖ

പത്തനംതിട്ട: പോപുലർ ഫിനാൻസിന്​ സംസ്ഥാനത്തുള്ളത്​ 350 ശാഖ. ഇവക്കുപുറമെ, തമിഴ്​നാട്ടിൽ 18ഉം കർണാടകത്തിൽ 22ഉം മഹാരാഷ്​ട്രയിൽ ഒമ്പതും ഹരിയാനയിൽ ആറും ശാഖകളുള്ളതായി വെബ്​സൈറ്റിലുണ്ട്​. ബ്രാഞ്ചുകളുടെ പത്രാസും പരസ്യവുമാണ് നിക്ഷേപകരെ കുഴിയിൽ ചാടിച്ചത്. നിക്ഷേപകർക്ക്​ ഒമ്പത്​ കടലാസ് കമ്പനികളുടെ ഷെയർ നൽകിയാണ്​ പറ്റിച്ചത്.

15ഉം 18ഉം ശതമാനം പലിശ കിട്ടുമെന്നറിഞ്ഞപ്പോൾ കണ്ണുംപൂട്ടി നിക്ഷേപം നടത്തുകയായിരുന്നു. പ്രവാസികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, റിട്ടയർ ചെയ്തവർ തുടങ്ങിയവരുടെ പണമാണ് നഷ്​ടപ്പെട്ടത്. വസ്തു വിറ്റ് പണം നിക്ഷേപിച്ചവരുമുണ്ട്.

മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് പണി എന്നിവക്കൊക്കെയായി നിക്ഷേപിച്ച പണമാണിത്. അടുത്തകാലത്ത് സർവിസിൽനിന്ന് വിരമിച്ച വനിത എസ്.ഐ ആനുകൂല്യം മുഴുവൻ സ്ഥാപനത്തിലാണ് നിക്ഷേപിച്ചത് -28 ലക്ഷം രൂപ.

കോന്നി സ്​റ്റേഷൻ പരിധിയിൽമാത്രം 15 കോടിയാണ് നിക്ഷേപകർക്ക് നഷ്​ടമായത്. പത്തനംതിട്ട, കൊടുമൺ, പത്തനാപുരം, അടൂർ, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ, മാന്നാർ തുടങ്ങിയ പൊലീസ് സ്​റ്റേഷനുകളിലും പരാതികൾ പ്രവഹിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.