കോന്നി: കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം ലഭ്യമാക്കിയിരുന്ന കോന്നി-തണ്ണിത്തോട്-കരിമാൻതോട് റൂട്ടിൽ സർവിസ് നിലച്ചിട്ട് മൂന്ന് വർഷം. 2020ലെ കോവിഡ് കാലത്ത് നിലച്ച സർവിസ് പുനരാരംഭിക്കാൻ നടപടിയായില്ല.
തിരുവനന്തപുരം, തൃശൂർ തുടങ്ങി ദീർഘദൂരങ്ങളിലേക്ക് അടക്കം നടന്ന സർവിസ് പൊതുജനങ്ങൾക്ക് വലിയ സഹായമായിരുന്നു. എന്നാൽ, സർവിസ് നിലച്ചതോടെ ഈ റൂട്ട് സ്വകാര്യ ബസുകൾ കൈയടക്കി. സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തണ്ണിത്തോട് കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ജില്ല ഡിപ്പോ ഉപരോധിക്കുകയും സർവിസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും കെ.എസ്.ആർ.ടി.സി വാക്ക് പാലിച്ചില്ല. ഈ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാനാണ് കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കാത്തത് എന്നാണ് പൊതുജനങ്ങൾ പറയുന്നത്. അവധി ദിവസങ്ങളിൽ സ്വകാര്യ ബസുകൾ സർവിസ് നടത്താത്തത് വലിയ ബുദ്ധിമുട്ടാണ് നാട്ടുകാർക്ക് സൃഷ്ടിക്കുന്നത്.
കോന്നി ഡിപ്പോയിൽനിന്ന് നിരവധി ബസുകൾ സർവിസ് നടത്തിയിരുന്നിടത്ത് ഒമ്പത് ബസ് മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്. കോട്ടാംപാറ, അമൃത മെഡിക്കൽ കോളജ്, മാങ്കോട്, പത്തനംതിട്ട, കൊല്ലം, കുളത്തുമൺ, കോന്നി മെഡിക്കൽ കോളജ്, ഊട്ടുപാറ, മാങ്കോട്-പുനലൂർ തുടങ്ങിയ ബസുകളാണ് നിലവിൽ ഉള്ളത്. എറണാകുളം അമൃത മെഡിക്കൽ കോളജ് ബസ് ഒഴികെ ദീർഘദൂര ബസുകൾ ഒന്നുമില്ല. ടാർഗറ്റിന്റെ പകുതിപോലും ലഭിക്കുന്നില്ല എന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. തണ്ണിത്തോട് കെ.എസ്.ആർ.ടി.സി സർവിസ് എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.