കോന്നി: നിർമാണം പുരോഗമിക്കുന്ന കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വഴിക്കായി കണ്ടുവെച്ച സ്ഥലത്ത് പഞ്ചായത്ത് എം.സി.എഫ് നിർമാണം തുടങ്ങിയത് നിർത്തിവെച്ചു. കഴിഞ്ഞ ദിവസമാണ് നിർമാണത്തിലിരിക്കുന്ന കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ബസുകൾ പുറത്തേക്ക് കടക്കാനുള്ള വഴിയടച്ച് കോന്നി ഗ്രാമ പഞ്ചായത്ത് എം.സി.എഫ് നിർമാണം ആരംഭിച്ചത്. ഇതിനായി വഴിയടച്ച് കുറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ വിഷയത്തിൽ ഇടപെടുകയും എ.ഡി.എം, റവന്യൂ ഉദ്യോഗസ്ഥർ, കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. നാരായണപുരം ചന്തയോട് ചേർന്ന് കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകിയ രണ്ടര ഏക്കർ സ്ഥലത്തിന് അടുത്തയാണ് ഈ വഴിയുള്ളത്. കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമാണം നടക്കുന്ന കാലയളവിൽ തന്നെ ഈ വഴി കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഡിപ്പോയിൽനിന്ന് പുറത്തേക്ക് കടക്കുന്നതിനായി ഉള്ളതെന്ന് ഉറപ്പിച്ചതുമാണ്. ഈ സ്ഥലത്താണ് കോന്നി പഞ്ചായത്ത് അധികൃതർ എം.സി.എഫ് നിർമാണം നടത്താൻ കുറ്റി നാട്ടിയത്. എന്നാൽ, റവന്യുൂസർവേ വിഭാഗം വഴി അളന്നു തിട്ടപ്പെടുത്തിയ ശേഷം മാത്രം നിർമാണം നടത്തിയാൽ മതി എന്ന തീരുമാനത്തിൽ നിർത്തുകയായിരുന്നു. വി.എസ്. വകുമാർ ഗതാഗത മന്ത്രിയായിരിക്കുമ്പോൾ അനുവദിച്ച കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക്ബസുകൾ പ്രധാന റോഡിലൂടെ ഡിപ്പോയിലെത്തി തിരികെ നാരായണപുരം ചന്ത റോഡ് വഴി സംസ്ഥാന പാതയിൽ എത്തുന്ന രീതിയിലാണ് അന്ന് റോഡ് വിഭാവനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.