കോന്നി: കോന്നി മെഡിക്കൽ കോളജിൽ എത്തുന്ന രോഗികളെ ഡോക്ടർമാർ കിടത്തി ചികിത്സിക്കുവാൻ തയാറാകുന്നില്ലെന്ന് പരാതി. ചെങ്ങറ സമരഭൂമിയിൽ താമസക്കാരനായ കുമ്പളത്താമൺ സ്വദേശി രാജീവ് ഭവൻ രാമചന്ദ്രൻ(65) ചികിസ തേടി കോന്നി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ കിടത്തി ചികിൽസിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചതായി ബന്ധുക്കൾ ആരോപിച്ചു.
ശ്വാസംമുട്ടൽ മൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാമചന്ദ്രനെ അവിടെനിന്ന് ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയക്കുകയും എന്നാൽ, ഇവിടെ കിടക്ക ഒഴിവില്ലാതെ വന്നതിനാൽ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയും ആയിരുന്നു. ഇവിടെയും കിടക്കയില്ലാതെ വന്നതോടെ ഇയാളെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
എന്നാൽ, അവിടെ എത്തിയപ്പോൾ കിടത്തി ചികിൽസിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുകയും തുടർന്ന് ഇയാളെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മടക്കിവിടുകയുമായിരുന്നു. പിന്നീട് പത്തനംതിട്ടയിൽ കിടക്ക ശരിയാക്കി ഇയാളെ പ്രവേശിപ്പിച്ചു. കോന്നി മെഡിക്കൽ കോളജിൽ പലപ്പോഴും രോഗികൾ ചികിത്സ കിട്ടാതെ രോഗികൾ വലയുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കോന്നി മെഡിക്കൽ കോളജിൽ ഇക്കൊല്ലം എം.ബി.ബി.എസ് പഠനത്തിനെത്തി വിവിധ സമയങ്ങളിൽ അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ വിദ്യാർഥികളെ പോലും കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ എത്തിച്ചാണ് ചികിത്സ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.